കൊച്ചി: അഴിമതിക്കെതിരെ ഡിജിപി ജേക്കബ് തോമസിന്‍റെ നേതൃത്വത്തില്‍ സംഘടന. എക്‌സല്‍ കേരള എന്ന സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. നടന്‍ ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങി കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘടനക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന്‌നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി

സിനിമ, നിയമം, വിദ്യാഭ്യാസം ഭരണനിര്‍വഹണം തുടങ്ങി വിവിധ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് എക്‌സല്‍ കേരള രൂപീകരിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡി ജി പി ജോക്കബ് തോമസിന്റെ നേതൃത്ത്വത്തില്‍ നടന്ന യോഗത്തില്‍ സംവിധായകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, പ്രാ. എം കെ സാനു, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. എഴുത്തുകാരനായ സക്കറിയ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങി കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ വരും ദിവസങ്ങളില്‍ സംഘടനയുടെ ഭാഗമാകും.

കേരളത്തിലെ 200ല്‍ അതികം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സംഘടനയുടെ ഭാഗമാക്കും.അഴിമതിക്കെതിരെ കൂട്ടായ്മ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഇതില്‍ രാഷ്ടട്രീയമില്ലെന്നും നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. സംഘടനയ്ക്ക് ഭാരവാഹികളോ പദവികളോ ഉണ്ടാവില്ല. എന്നാല്‍ സ്‌ക്രീനിങ്ങ് കമ്മിറ്റി രൂപീകരിക്കും.രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

സംസ്ഥാനത്തെ ഭരണരംഗത്ത് കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ വരും ദിവസങ്ങളില്‍ സംഘടനയക്ക് കഴിയുമെന്നും സംഘാടകര്‍ പറഞ്ഞു. ജനങ്ങളോട് സംവദിക്കാന്‍ www.excelkerala.in എന്ന് വെബ്‌സൈറ്റും പ്രവര്‍ത്തനമാരംഭിച്ചു.