നാലു ദിവസമായി സുരേന്ദ്രകുമാറിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ മിക്കവയുടെയും പ്രവർത്തനം നിലച്ചിരുന്നതായി ഡോക്ടർ വെളിപ്പെടുത്തി.
കാൺപൂർ: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഐപിഎസ് ഓഫീസർ സുരേന്ദ്രകുമാർ ദാസ് കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. നാലു ദിവസമായി സുരേന്ദ്രകുമാറിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. കാൺപൂർ സിറ്റി പൊലീസ് സൂപ്രണ്ടാണ് സുരേന്ദ്ര കുമാർ ദാസ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ മിക്കവയുടെയും പ്രവർത്തനം നിലച്ചിരുന്നതായി ഡോക്ടർ വെളിപ്പെടുത്തി.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മരിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ഗൂഗിൾ സെർച്ച് നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കത്തി ഉപയോഗിച്ച് മരിക്കുന്ന വിധം, ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന കാര്യങ്ങളാണ് സുരേന്ദ്രകുമാർ ദാസ് അന്വേഷിച്ചിരിക്കുന്നത്. അതായത് ആത്മഹത്യ ചെയ്യാൻ ഇദ്ദേഹം മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് വ്യക്തമാകുന്നു. ലാപ്ടോപ്പും ഫോണും പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള തെളിവുകൾ പൊലീസിന് ലഭിച്ചത്.
വളരെ നാളുകളായി സുരേന്ദ്ര കുമാർ ദാസ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങളാണ് അദ്ദേഹത്തെ ആത്മഹത്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. വിദഗ്ധ ചികിതസ് നൽകുന്നതിന് വേണ്ടിയുള്ള മെഡിക്കൽ സംഘം എത്തിയിരുന്നു. എന്നാൽ അവർക്കും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഔദ്യോഗിക വസതിയിൽ വച്ചാണ് വിഷം കഴിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുരേന്ദ്രകുമാർ ദാസിനെ ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു.
