അവസാന നിമിഷത്തെ സെല്‍ഫ് ഗോളില്‍ മൊറോക്കോയ്ക്ക് തോല്‍വി
സെന്റ് പീറ്റേഴ്സ്ബര്ഗ്: അവസരങ്ങള് ഒരുപാട് മൊറോക്കോയ്ക്ക് ലഭിച്ചു, പക്ഷേ ഭാഗ്യം ഇറാന്റെ കൂടെയായിരുന്നു. കളിയില് സര്വ മേധാവിത്വവും പുലര്ത്തിയ മൊറോക്കാ ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷം വഴങ്ങേണ്ടി വന്ന സെല്ഫ് ഗോളില് ഏഷ്യന് ശക്തികളായ ഇറാനോട് തോല്വി രുചിച്ചു. അത്രയും നേരം മിന്നുന്ന ഫോമില് കളിച്ച ആഫ്രിക്കന് പടയുടെ എല്ലാ വീര്യവും ചോര്ത്തി കളയുന്നതായിരുന്നു അസീസ് ബൗഹാദോസിന്റെ തലയില് നിന്ന് സ്വന്തം പോസ്റ്റിലേക്ക് പെയ്തിറങ്ങിയ ഗോള്. ആറ് മിനിറ്റ് ഇഞ്ചുറി ടെെമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു കളിയിലെ ഏക ഗോള് വീണത്.
ഇഹ്സന് ഹാജി സാഫി ഇടതു വിംഗില് നിന്ന് തൊടുത്ത ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയ പന്തില് തലവെച്ച അസീസിന് പിഴച്ചു, പന്ത് വലയില്. പിന്നീട് തിരിച്ചടിക്കാനുള്ള സമയം മൊറോക്കോയ്ക്ക് ഇല്ലായിരുന്നു. ആദ്യ പകുതി മുതല് മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ മൊറോക്കോ ഗോള് എപ്പോള് വേണമെങ്കില് സ്കോര് ചെയ്തേക്കാമെന്ന അവസ്ഥയിലാണ് കളി മുന്നോട്ട് പോയത്.
പക്ഷേ, ഇറാനിയന് ഗോള് കീപ്പര് അലിറീസ ബെയ്റന്വാന്ഡും ഭാഗ്യവും അവരെ തുണച്ചില്ല. ഇടയ്ക്കിടെ ലഭിക്കുന്ന അവസരങ്ങളില് കൗണ്ടര് അറ്റാക്കുകള് നടത്തി ഏഷ്യന് പടയും കരുത്ത് കാണിച്ചു. 37-ാം റാങ്കുകാരായ ഇറാനെതിരെ തകര്പ്പന് പ്രകടനമാണ് 41ാം റാങ്കിലുള്ള മൊറോക്കോ പുറത്തെടുത്തത്. എന്നാല്, ആദ്യപകുതിയുടെ അവസാനങ്ങളില് ഇറാന് ഗോളടിക്കുമെന്ന് തോന്നിച്ചു. എന്നാല്, ഗോള് ശ്രമങ്ങള്ക്ക് മുന്നില് മൊറോക്കോ ഗോള് കീപ്പര് വില്ലനായി.
രണ്ടാം പകുതിയിലും കാര്യങ്ങള്ക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. ഇറാനിയന് താരങ്ങളെ വലച്ച് മികച്ച പാസുകളുമായി മൊറോക്കോ മുന്നേറി. ഇടയ്ക്ക് കളി അല്പം പരുക്കനായതോടെ റഫറിക്കും ഇടപെടേണ്ടി വന്നു. ഇഞ്ചുറി ടെെമിന്റെ അവസാന സമയത്താണ് മൊറോക്കോയുടെ നെഞ്ച് തകര്ത്ത ഗോള് പിറന്നത്.
മൊറോക്കോയുടെ ഹൃദയം തകര്ത്ത ഗോള് കാണാം
