ഇറാഖ് ഒന്നാമത് യുഎസ് ഇറാനിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു

ദില്ലി: ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇറാന്‍ രണ്ടാം സ്ഥാനത്ത് എത്തി. ഏപ്രിലില്‍ ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലാണ് സൗദിയെ പിന്തള്ളി ഇറാന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇറാഖാണ് ഒന്നാമത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 5.67 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍ ഇറാനില്‍ നിന്ന് വാങ്ങിയത്.

മുന്‍ വര്‍ഷവുമായി താരമത്യം ചെയ്യുമ്പോള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ 9.8 മില്യണ്‍ ടണ്‍ ആയിരുന്നു വാങ്ങിയത്. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ 19,978.45 കോടി രൂപ വിലയില്‍ 5.67 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ പൊതു മേഖല സ്ഥാപനങ്ങള്‍ വാങ്ങി കഴിഞ്ഞു.

മംഗലാപുരം റിഫെെനറി ആന്‍ഡ് പെട്രോക്കെമിക്കല്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. ലോക്സഭയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കണക്കുകള്‍ വിശദീകരിച്ചത്.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു പിൻമാറുന്നതായും സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുമെന്നും മേയില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയോട് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും നവംബറോടെ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇന്ത്യയിലെ എണ്ണ കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടോയെന്നുള്ള ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ല. സാമ്പത്തികമായും മറ്റും അവസ്ഥകള്‍ പരിഗണിച്ചാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ഇറാന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ക്രൂഡ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ ഇന്ധന ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് ഓയിലിന്‍റെ വില നിശ്ചയിക്കുന്നതില്‍ പല ഘടകങ്ങളുണ്ട്. ഗുണമേന്മ, ആഗോള മാര്‍ക്കറ്റിലേക്കുള്ള വിതരണം തുടങ്ങിയവ അതില്‍ ചിലതാണെന്നും മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 7.27 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ആണ് ഇന്ത്യ ഇറാഖില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 5.22 മില്യണ്‍ ടണ്‍ സൗദിയില്‍ നിന്നും ഇറക്കുമതി ചെയ്തു.