ജിദ്ദ: ഇറാനില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്താന്‍ വഴി തെളിയുന്നു. ഇത് സംബന്ധമായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി ഇറാന്‍ വെളിപ്പെടുത്തി. ചില കാര്യങ്ങളില്‍ കൂടി ധാരണയില്‍ എത്തിയാല്‍ എണ്‍പതിനായിരം തീര്‍ഥാടകര്‍ ഇറാനില്‍ നിന്നും ഹജ്ജിനെത്തും. ചര്‍ച്ചകളിലൂടെ സൗദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏതാണ്ട് പരിഹരിച്ച സാഹചര്യത്തിലാണ് ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വീണ്ടും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ഒരുങ്ങുന്നത്.
ഏതാനും ചില കാര്യങ്ങളില്‍ കൂടി ധാരണയാകേണ്ടതുണ്ട്. ഈ വിഷയങ്ങളില്‍ ചര്‍ച്ച തുടരുമെന്നും ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന്‍ ഹജ്ജ്വിഭാഗം അഡ്വൈസര്‍ അലി അസ്കര്‍ അറിയിച്ചു. സൗദി മുന്നോട്ടു വെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്നും തീര്‍ഥാടകര്‍ എത്തിയിരുന്നില്ല. 2015ലെ മിനാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി മുന്നോട്ടു വെച്ചത്.
ഇറാനുമായി സൗദിക്ക് നയതന്ത്ര ബന്ധം ഇല്ലെങ്കിലും ഹജ്ജ് വിസ ഇറാനില്‍ നിന്ന് തന്നെ അനുവദിക്കണം, ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സൗദിയില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക പരിഗണന വേണം തുടങ്ങിയ ഇറാന്റെ ആവശ്യങ്ങളിലും ഹാജിമാരുടെ യാത്രാ സംബന്ധമായ സൗദിയുടെ മാര്‍ഗ നിര്‍ദേശങ്ങളിലുമാണ് പ്രധാനമായും ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.
ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവും നിന്നു. എന്നാല്‍ ഹജ്ജ് കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മറ്റു രാജ്യങ്ങളെ പോലെ ഇത്തവണ ഇറാനെയും സൗദി ക്ഷണിച്ചു. ഇത് ഇറാന്‍ അംഗീകരിച്ചതോടെയാണ് വീണ്ടും ഹജ്ജിനു അവസരം ഒരുങ്ങിയത്.
