ടെഹ്റാന്‍: ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ശ്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇറാന്‍. ഇത്തരത്തില്‍ ഉപരോധമോ നടപടിയോ എടുത്താന്‍ അമേരിക്കയ്ക്ക് ഗൗരവകരമായ മറുപടി പ്രതീക്ഷിക്കാമെന്ന് ഇറാൻ പ്രതികരിച്ചു. പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കിൽ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരും.
ഇറാനിയൻ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ടെന്ന് ഇറാൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നൽകി. ബഹ്റിൻ, ഇറാഖ്, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി യുഎസിന് സേനാതാവളങ്ങളുണ്ട്. അമേരിക്കയുമായി ചർച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരർക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാൽ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു.
യുഎസിലെ ഭരണകൂടം തെറ്റായ നയതന്ത്ര നിലപാടുകൾ സ്വീകരിക്കില്ലെന്നാണു വിശ്വാസം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതം കടുത്തതും ഗുരുതരവും നാശോന്മുഖവുമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖ്വസേമി ചൂണ്ടിക്കാട്ടി. 2015ലെ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചിട്ടില്ല. അധികാരത്തിലെത്തിയപ്പോഴും അതിനു മുൻപും ഇറാനുമായുള്ള ആണവ കരാറിനെ ഏറ്റവും മോശമെന്നാണു ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കരാറിനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
