മത്സരം രാത്രി എട്ടരയ്ക്ക് മൊറോക്കോ മിന്നുന്ന ഫോമില്‍

മോസ്കോ: ലോകകപ്പില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ടീമുകളുടെ റാങ്കിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇറാനാണ്. അതിന്‍റെ ബലത്തിലാണ് ലോകകപ്പിന്‍റെ വലിയ വേദിയില്‍ തകര്‍ന്നടിയുന്ന ഏഷ്യന്‍ ടീമുകളുടെ അവസ്ഥ മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷയോടെ മൊറോക്കോയ്ക്കെതിരെ ഇറാന്‍ ഇന്ന് ഇറങ്ങുന്നത്. രാത്രി 8.30ന് സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലാണ് മത്സരം. ലോകറാങ്കിംഗില്‍ 37-ാം സ്ഥാനത്തുള്ള ഇറാന്‍ ഇത് നാലാം തവണയാണ് ലോകകപ്പില്‍ കളിക്കുന്നത്.

റാങ്കിംഗില്‍ 41-ാം സ്ഥാനത്തുള്ള മൊറോക്കോയുടെ 1998ന് ശേഷമുള്ള ആദ്യ ലോകകപ്പാണ്. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിന് നോക്കൗട്ടിലെത്തുക ബുദ്ധിമുട്ടാകും. അതു കൊണ്ട് എന്ത് വില കൊടുത്തും ജയിക്കാനാണ് ഇരു കൂട്ടരുടെയും ശ്രമം. യോഗ്യത റൗണ്ടിലും സന്നാഹ മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഇരു ടീമുകളും റഷ്യയില്‍ എത്തിയിരിക്കുന്നത്.

18 കളികള്‍ തുടര്‍ച്ചയായി ജയിച്ചെത്തുന്ന മൊറോക്കോയ്ക്ക് അത് ലോകകപ്പിലും തുടരാനായാല്‍ ആഫ്രിക്കന്‍ ടീമിനെ കാത്തിരിക്കുന്നത് സുവര്‍ണ നേട്ടമാണ്. സ്പെയിനും പോര്‍ച്ചുഗലും അണിനിരക്കുന്ന ഗ്രൂപ്പില്‍ വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലെങ്കിലും റഷ്യയില്‍ നിന്ന് തലയുയര്‍ത്തി മടങ്ങാന്‍ ഒരു വിജയം കൊതിച്ചാണ് ഇരു സംഘങ്ങളും പോരാട്ടത്തിനിറങ്ങുന്നത്.