ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാന്‍ ഉള്‍പ്പെടെ എണ്‍പത് രാജ്യങ്ങളെ സൗദി ഹജ്ജ് ഉമ്ര മന്ത്രാലയം ക്ഷണിച്ചിരുന്നു. വൈകിയാണെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ സൗദിയെ അറിയിച്ചു. ഫെബ്രുവരി ഇരുപത്തിമൂന്നിന് സൗദിയില്‍ വെച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന.
ഇതോടെ ഇത്തവണ ഇറാനില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത വര്‍ധിച്ചു. സൗദിയെ സംബന്ധിച്ചിടത്തോളം ഹജ്ജുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാജ്യത്തോട് പ്രത്യേക വിവേചനമോ പരിഗണനയോ ഇല്ലെന്നു സൗദി ഹജ്ജ് ഉമ്ര മന്ത്രാലയം വ്യക്തമാക്കി. അറുപതിനായിരത്തോളം തീര്‍ഥാടകരാണ് ഇറാനില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ എത്താറുള്ളത്.
ഇറാനില്‍ നിന്ന് തന്നെ ഹജ്ജ് വിസ അനുവദിക്കുക, ഹജ്ജ് വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സിനും ഇറാന്‍ എയറിനും ഇടയില്‍ തുല്യമായി വീതിക്കുക, ഇറാന്‍ തീര്‍ഥാടകര്‍ക്ക് സൌദിയില്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇറാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടു വെച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ഇല്ലാത്ത സാഹചര്യത്തില്‍ ഇറാന്റെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന നിലപാടിലായിരുന്നു സൗദി.
ഇരു രാജ്യങ്ങളും നിലപാടില്‍ ഉറച്ചു നിന്നതോടെ ഹജ്ജ് കരാര്‍ ഒപ്പ് വെക്കാതെ കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ് ബഹിഷ്‌കരിച്ചു. ഹജ്ജ് ബഹിഷ്‌കരിച്ചപ്പോള്‍ തന്നെ അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമായി എഴുനൂറോളം ഇറാനികള്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചിരുന്നു.
