ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിളും സ്‍കൂട്ടറുകളും ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത്‌വ. ഇതനുസരിച്ച് സ്ത്രീകള്‍ക്കായി മാത്രം പ്രത്യേകം നീക്കിവച്ചിട്ടുള്ള പാര്‍ക്കുകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ഇനി സൈക്കിളോടിക്കാന്‍ അധികാരമുള്ളു. രാജ്യത്തിന്റെ പരമാധ്യക്ഷന്‍ അയത്തൊള്ള ഖൊമേനിയാണ് സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നതിനെതിരേ ഫത്‌വ പുറപ്പെടുവിച്ചത്. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ സൈക്കിള്‍ ചവിട്ടുന്നത് അവര്‍ക്കു മേല്‍ പുരുഷന്മാരുടെ ശ്രദ്ധ പതിയാന്‍ കാരണമാകും. ഇത് സ്ത്രീകളുടെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തും. അതാണ് ഫത്‌വ പുറപ്പെടുവിക്കാന്‍ കാരണമെന്ന് ഖൊമേനി പറഞ്ഞതായി വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഫത്‍വയ്ക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇറാനിയന്‍ വുമണ്‍ ലവ്‌സ് സൈക്കിളിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രതിഷേധക്കാരുടെ പോസ്റ്റുകള്‍. വനിതകള്‍ സൈക്കിള്‍ ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം.
‘മൈ സ്റ്റെല്‍ത്തി ഫ്രീഡം’എന്ന ഫേസ്ബുക്ക് പേജില്‍ ഇറാനികളായ അമ്മയും മകളും ചേര്‍ന്ന് സൈക്കിള്‍ ചവിട്ടുന്ന വീഡിയോ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. മാസിഹ് അലിനെജാദ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മൈ സ്റ്റെല്‍ത്തി ഫ്രീഡത്തിന് തുടക്കമിട്ടത്.
