ലണ്ടന്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലാണ് ദാരുണമായ ഈ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെയും ചിലപ്പോള്‍ ഐഎസ് കൂട്ടക്കൊല ചെയ്തിരിക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ മാമുസിനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൊസൂളില്‍ സ്ത്രീകള്‍ക്കു ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ല. അവരുടെ പങ്കാളികളെ സ്വന്തമായി തെരഞ്ഞെടുക്കാനും സ്ത്രീകള്‍ക്ക് അവകാശമില്ല. ഭീകരരുടെ ലൈംഗീക ആവശ്യം നിറവേറ്റുന്നതിനു 2014 ഓഗസ്റ്റില്‍ അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയത്. 

കഴിഞ്ഞ ഒക്‌ടോബറിലും അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെ വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രവശ്യയില്‍നിന്നും ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. 2014 ജൂണിലാണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇറാക്ക് സൈന്യത്തെ തുരത്തിയാണ് ഭീകരര്‍ മൊസൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്.