86 ശതമാനം പേര്‍ക്കും അവധി വേണം

കണ്ണൂര്‍: മഴക്കാലം തിമിര്‍ത്തത്തോടെ നാടെങ്ങും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കൊന്നും ദിവസങ്ങളായി ക്ലാസില്ല. കൂടാതെ മഴ കടുത്തതോടെ സ്കൂളുകള്‍ക്ക് അവധി കൊടുക്കാന്‍ കളക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നാല്‍, അവധിക്കാലത്തിന് ശേഷം സ്കൂള്‍ തുറന്നതിന്‍റെ വിഷമത്തിലിരിക്കുന്ന ചില വിരുതന്മാര്‍ ഈ കളക്ടര്‍മാരുടെ അവധി പ്രഖ്യാപനം ആഘോഷമാക്കുകയാണ്.

എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ അവധി തരണമെന്ന് അപേക്ഷിച്ച കുട്ടികളൊക്കെ ഇതില്‍ ചിലര്‍ മാത്രം. ലോകകപ്പിനിടയില്‍ ഫ്ലെക്സ് ബോര്‍ഡ് വച്ച എല്ലാ ആരാധകക്കൂട്ടത്തിനെയും ട്രോളിയ കണ്ണൂര്‍ കളക്ടര്‍ ബ്രോ സ്കൂളില്‍ പോകാന്‍ മടിയുള്ള വിരുതന്മാര്‍ക്കിട്ടും ഒന്ന് എറിഞ്ഞിരിക്കുകയാണ്. കണ്ണൂരിലെ മഴ എങ്ങനെയുണ്ടെന്ന് അറിയിക്കാന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കളക്ടര്‍ തന്നെ കുട്ടികളോട് പറഞ്ഞു.

കനത്ത മഴയാണോ അല്ലെങ്കില്‍ മഴയോ, അത് എന്താ എന്നിങ്ങനെ രണ്ടു രീതിയില്‍ വോട്ട് ചെയ്യാനുള്ള അവസരമാണ് കളക്ടര്‍ നല്‍കിയത്. എന്തായാലും നാട്ടില്‍ സ്കൂളില്‍ പോകാന്‍ ഒത്തിരി ഇഷ്ടമുള്ള കുട്ടികളാണ് കൂടുതലുമെന്ന് കളക്ടര്‍ക്ക് മനസിലായി കാണും.

86 ശതമാനം പേരും കനത്ത മഴയാണെന്നാണ് വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റിന് താഴെ കലക്കന്‍ കമന്‍റുമായി വന്ന് അവധി കെഞ്ചിയവരുമുണ്ട്. ടെെപ് ചെയ്യാന്‍ മടിയാണെങ്കില്‍ അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ കുറിപ്പ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതിയത്രേ. പോള്‍ ഒക്കെ അവിടെ നില്‍ക്കട്ടേ... എല്ലാവരും വോട്ട് ചെയ്തിട്ടും ഇതുവരെ കളക്ടര്‍ മിര്‍ മുഹമ്മദ് അലി അവധി പ്രഖ്യാപിച്ചിട്ടില്ല.