രാജകീയ പ്രൗഢിയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദായിരുന്നു വരന്‍. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്‍റീലിയയിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ-രൺവീർ സിംഗിന്റേയും, പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജൊനാസിന്റേയും വിവാഹത്തോടൊപ്പം ആരാധകർ ഉറ്റു നോക്കിയത് അവർ അണിഞ്ഞിരുന്ന വസ്ത്രങ്ങളായിരുന്നു. ഇഷയുടെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്. ലോക കോടീശ്വരൻമാരിൽ‌ ഒരാളായ അംബാനിയുടെ മകളായ ഇഷയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം തന്നെ വൻ വാർത്തയായിരുന്നു.

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സംഗീത വിരുന്നിലും മറ്റ് പാർട്ടികൾക്കെല്ലാം ഇഷ ധരിച്ച വസ്ത്രങ്ങളും അണിഞ്ഞ ആഭരണങ്ങളുമെല്ലാം ഏവരുടേയും മനം കവരുന്നതായിരുന്നു. എന്നാൽ വിവാഹദിവസം ഇഷ അണിഞ്ഞ വസ്ത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അമ്മ നിതാ അംബാനിയുടെ വിവാഹ സാരി ഉപയോഗിച്ച് ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇഷ തന്റെ വിവാഹത്തിനും ധരിച്ചത്. മുപ്പത്തിയഞ്ച് വർഷം മുൻപുള്ള നിത അംബാനിയുടെ വിവാഹ സാരിയിൽ പുതിയ ഡിസൈനുകൾ ചേർത്താണ് ഇഷ തന്റെ വിവാഹവസ്ത്രം ഒരുക്കിയത്.  

കൈകൾ കൊണ്ട് തുന്നിയ മുഗൾ ജാലിസിൽ ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് നിറമുള്ള ഗാഗ്ര ആണ് ഇഷ ധരിച്ചത്. കൂടാതെ സർദോസി, വാസ്ലി, മുകേശ്, നാക്ഷി എന്നീ പരമ്പരാഗത ഡിസൈനുകളും വസ്ത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ചുവപ്പു നിറത്തിലുളള സർദോസി ബോർഡറായിരുന്നു വസ്ത്രത്തിന്റെ മാറ്റ് കൂട്ടിയത്. പ്രശസ്ത ഡിസൈനറായ ഡിയോ അബു ജാനി സന്ദീപ് ഖോസലയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. 
 
ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബങ്ങളും തമ്മിൽ നാൽപത് വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റൺ ഉൾപ്പടെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡിസംബർ 12നായിരുന്നു വിവാഹം.   
 
വിവാഹത്തിനുശേഷം മുംബൈയിലെ വറോളിയിൽ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. 450 കോടിയാണ് അഞ്ച് നിലകളിലായി ഒരുക്കിയ ഈ ആഢംബര വസതിയുടെ ആസ്തി.