Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്ന് ഐ.എസില്‍ എത്തിയവര്‍ക്ക് പീസ് സ്കൂളുമായി ബന്ധമുണ്ടെന്ന് സന്ദേശം

ഒരു പത്ത് വര്‍ഷത്തിന് ശേഷം 'ദൗലത്തുല്‍ ഇസ്ലാമിലേക്ക്'താല്‍പര്യം കാണിച്ച് വരുന്ന കുട്ടികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേരും പീസ് സ്കൂളില്‍ നിന്നായിരിക്കുമെന്നും അബ്ദുള്‍ റാഷിദ് അബ്ദുല്ല പറയുന്നു.

isis recruitment from kerala and peace school

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ക്ക്  പീസ് സ്കൂളുമായി ബന്ധമുണ്ടെന്ന് ഐ.എസ് പ്രവര്‍ത്തകന്റെ ശബ്ദ സന്ദേശം. ഐ.എസില്‍ ചേര്‍ന്ന ഷിഹാസും യഹ്‌യയും പീസ് സ്കൂളിന് കീഴില്‍ പ്രവര്‍ത്തിച്ചവരാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുല്ല അയച്ച ശബ്ദ സന്ദേശത്തിലാണ് പീസ് സ്കൂളിനെതിരായ ആരോപണം. ഐ.എസില്‍ ചേര്‍ന്ന കാസര്‍ഗോഡ് പടന്ന സ്വദേശി ശിഹാസും, ബെസ്റ്റിന്‍ എന്ന യഹ്‌യയും പീസ് സ്കൂളില്‍ ജോലിചെയ്തിരുന്നെനന് സന്ദേശത്തില്‍ പറയുന്നു. 'ശിഹാസ് പീസ് ഫൗണ്ടേഷന്റെ സപ്ലെ ചെയിന്‍ മാനേജറായിരുന്നു. പീസ് ഫൗണ്ടേഷന്റെ എല്ലാം സ്കൂളുകളിലേക്കു വേണ്ട പുസ്തകങ്ങളും യൂണിഫോമും ഒക്കെ സംഘടിപ്പിച്ചിരുന്നത് ഇയാളായിരുന്നു. യഹ്‍യ പീസ് ഫൗണ്ടേഷനില്‍ ജോലി ചെയ്തിരുന്നു. മൂന്ന് സ്കൂളുകളുടെ ടീച്ചര്‍ ട്രെയിനിങ് അടക്കമുള്ള കാര്യങ്ങള്‍ ഇയാള്‍ നോക്കിയിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.'

പീസ് സ്കൂളിലെ അധ്യാപകരിലും രക്ഷിതാക്കളിലും ഐ.എസിനെ പിന്തുണയ്‌ക്കുന്നവര്‍ ഉണ്ടെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. ഇക്കാര്യം എന്തിനാണ് മറച്ചു വയ്‌ക്കുന്നതെന്നും ചോദിക്കുന്നുണ്ട്. ഒരു പത്ത് വര്‍ഷത്തിന് ശേഷം 'ദൗലത്തുല്‍ ഇസ്ലാമിലേക്ക്' (ഇസ്ലാമിക രാജ്യം) താല്‍പര്യം കാണിച്ച് വരുന്ന കുട്ടികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേരും പീസ് സ്കൂളില്‍ നിന്നായിരിക്കുമെന്നും അബ്ദുള്‍ റാഷിദ് അബ്ദുല്ല പറയുന്നു. ഷിഹാസും കുടുംബവും കൊല്ലപ്പെട്ടെന്ന വാര്‍ത്തയും സന്ദേശത്തില്‍ സ്ഥിരീകരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഖുറാസാനില്‍ നിന്നും അയച്ച അന്‍പത്തി ആറാമത്തെ ശബ്ദ സന്ദേശത്തിലാണ് ആരോപണങ്ങള്‍. സന്ദേശത്തെ കുറിച്ച് എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios