ദില്ലി: ഐഎസ്ആര്‍ഒ കേസ് ജി മാധവന്‍ നായര്‍ ഉൾപ്പെടെ പ്രതികൾക്ക് ജാമ്യം. സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെയും 2 ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് ദില്ലി പട്യാലഹൗസ് സിബിഐ കോടതി ജാമ്യം നല്‍കിയത്. 

ഹാജരാകാത്ത മൂന്ന് പേര്‍ക്ക് കോടതി ജാമ്യം നല്‍കിയില്ല. കേസ് ഫെബ്രുവരി 15 ലേക് മാറ്റിവച്ചു. 
2005 ല്‍ ജി മാധവന്‍ നായര്‍ ചെയര്‍മാനായിരിക്കെ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് സ്വാകാര്യ കമ്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ് ബാന്‍ഡ് സ്പെക്ട്രം 12 വര്‍ഷത്തേയ്ക്ക് ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് നല്‍കുന്നതായിരുന്നു കരാര്‍. 

കരാറിലൂടെ 578 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തി. തുടര്‍ന്ന് കരാര്‍ സ്പേയ്സ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു. ഇത് ആദ്യമായാണ് ജി മാധവന്‍ നായര്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. സ്വകാര്യ കമ്പനിയ്ക്ക് ലാഭം നേടിക്കൊടുക്കാന്‍ മാധവന്‍ നായര്‍ പദവി ദുരുപയോഗം ചെയ്തെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ കണ്ടെത്തല്‍.