ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം; 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചു

First Published 14, Feb 2017, 5:56 PM IST
isro successfully aunches a record 104 Satellites
Highlights

ശ്രീഹരിക്കോട്ട: അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. പിഎസ്എല്‍വി C-37 റോക്കറ്റ് ഉപയോഗിച്ച് ഏഴു രാജ്യങ്ങളില്‍നിന്നുള്ള 104 ഉപഗ്രഹങ്ങളാണ് ഇന്നു രാവിലെ 9.28ന് വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്ററിലാണ് ഐഎസ്ആര്‍ഒയുടെ മഹാവിക്ഷേപണദൗത്യം നടന്നത്. ചരിത്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രഞ്ജരെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.

ഇന്നു വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ മൂന്ന് എണ്ണം ഒഴിച്ചാല്‍ ബാക്കിയുള്ളവ വിദേശ ഉപഗ്രഹങ്ങളാണ്. ഇസ്രായേല്‍, കസാഖിസ്ഥാന്‍, തായ്‌ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കിലോ ഭാരമുള്ള നാനോ  ഉപഗ്രഹങ്ങളാണ് ഇവ.
 
ഒരേസമയം 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയപ്പോള്‍, ഇക്കാര്യത്തില്‍ റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. 2014ല്‍ 37 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് വിക്ഷേപിച്ച റഷ്യയ്‌ക്കായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ഇതോടെ ലോകത്തിലെ മറ്റൊരു ബഹിരാകാശ ഏജന്‍സിയും കൈവരിക്കാനാവാത്ത നേട്ടം ഐഎസ്ആര്‍ഒയ്‌ക്ക് സ്വന്തമാകും. കാരോസാറ്റ് 2 സീരിസില്‍ല്‍പ്പെട്ട ഉപഗ്രഹങ്ങളടക്കം സമുദ്രഗവേഷണത്തിനും പ്രക്യതിദുരന്തങ്ങള്‍ മൂന്‍കൂട്ടി പ്രവചിക്കാനുള്ള ഗവേഷണത്തിന് ഉതകുന്ന ഉപഗ്രധങ്ങളും ഇതില്‍ പെടും.
ജനുവരിയില്‍ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് അധികമായി 20 എണ്ണം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ പി.എസ്.എല്‍.വി സി 34 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും 20 ഉപഗ്രഹങ്ങള്‍
ഒറ്റയടിക്ക് വിക്ഷേപിച്ചിരുന്നു.

loader