തൃശൂർ: ജനതാദൾ യുവിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സംഘടിക്കുന്നു. മുൻ മന്ത്രി കെ.പി.മോഹനൻ, ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, കോഴിക്കോട് ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വ.ജോൺ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യു.ഡി.എഫിനൊപ്പം നിൽക്കുന്നതിന് വേണ്ടി വാദിക്കുന്നത്.
ഈമാസം 11ന് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ പാർട്ടിയെയും, നിലപാടും സംബന്ധിച്ച് തീരുമാനമെടുക്കാനിരിക്കെയാണ് ജില്ലാതലത്തിൽ യു.ഡി.എഫ് അനുകൂല താൽപ്പര്യമുള്ളവരുടെ രഹസ്യയോഗങ്ങൾ ചേരുന്നത്. തിങ്കളാഴ്ച രാവിലെ എറണാകുളത്തും, ഉച്ചക്ക് തൃശൂരിലും, വൈകീട്ട് കൊല്ലത്തും യു.ഡി.എഫ് അനുകൂല നിലപാടുള്ളവരുടെ രഹസ്യ യോഗങ്ങൾ ചേർന്നു. മനയത്ത് ചന്ദ്രനും, അഡ്വ.ജോൺ ജോണുമാണ് ഈ യോഗങ്ങളിൽ പങ്കെടുത്തത്. ജില്ലാതലത്തിലെ പ്രധാനപ്പെട്ട നേതാക്കളെ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ശരത് യാദവിനൊപ്പം നിന്ന് ദേശീയ പാർട്ടിയെന്ന നിലയിൽ പുതിയ പാർട്ടിയായി പ്രവർത്തിക്കാമെന്നതാണ് വീരേന്ദ്രകുമാർ മുന്നോട്ട് വെച്ചിട്ടുള്ള ആശയം. ഇതിനായി ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുന്ന സമാജ് വാദി ജനതാദളിനെ പുനരുജ്ജീവിപ്പിക്കാനാണ് ശരത് യാദവ് നടപടികളിലേക്ക് കടന്നിട്ടുള്ളത്. ഇതിെൻറ കേരള ഘടകമായി ഇടതുപക്ഷത്ത് നിൽക്കാമെന്നാണ് വീരൻറെ നിലപാട്. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വവുമായി വീരേന്ദ്രകുമാർ ചർച്ചയും കഴിഞ്ഞു.
എന്നാൽ ഇതോടൊപ്പം ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എന്ന പുതിയ പാർട്ടിയുടെ നിർദ്ദേശവും കേരളത്തിൽ നിന്നുള്ള നേതാക്കൾ ഉന്നയിച്ചിട്ടുള്ളതിൽ ആശയക്കുഴപ്പമുണ്ടെങ്കിലും ദേശീയ പാർട്ടിയാവണമെന്ന നിർദ്ദേശത്തിൽ ഇതിനെ മറികടക്കാനാവുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തേക്കുള്ള മാറ്റത്തെ എതിർത്ത സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജിനെ അനുനയത്തിലൂടെ മാറ്റിയെടുക്കാൻ കഴിഞ്ഞതിലൂടെ, മോഹനനെയും, മനയത്തിനെയും അടക്കമുള്ളവരെ കൂടെ നിറുത്താനാവുമെന്നായിരുന്നു കരുതിയിരുന്നത്. യു.ഡി.എഫിനൊപ്പം നിൽക്കണമെന്ന് വാദിക്കുന്ന സംസ്ഥാന സെക്രട്ടറി അഡ്വ.ജോൺ ജോണിെൻറ പത്നി അഡ്വ. ആനി സ്വീറ്റി ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്ന നിലപാടുകാരിയാണ്.
മഹിളാ ജനത, എച്.എം.എസ് എന്നിവയുടെ സംസ്ഥാന നേതാവാണ് ആനിസ്വീറ്റി. അനുനയിപ്പിച്ച് കൂടെ നിറുത്താമെന്ന പ്രതീക്ഷകളെ തകിടം മറിക്കുന്നതാവും കെ.പി.മോഹനൻറെയും, മനയത്തിെൻറയും,അഡ്വ.ജോൺ ജോണിെൻറയും ഇപ്പോഴത്തെ നടപടി. ഇതോടെ 11ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഭിന്നിപ്പ് പരസ്യമാവാനാണ് സാധ്യത.അനുനയ ശ്രമം വിജയിച്ചില്ലെങ്കിൽ 12ന് തന്നെ തങ്ങളുെട നിലപാട് പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് കെ.പി.മോഹനൻ,മനയത്ത് ചന്ദ്രൻ വിഭാഗത്തിനോടൊപ്പം നിൽക്കുന്ന സംസ്ഥാന നേതാവ് പറഞ്ഞു.
