ഇസ്താന്‍ബുള്‍: തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സിറിയയില്‍ തുര്‍ക്കി നടത്തുന്ന രക്തചൊരിച്ചിലിനുള്ള മറുപടിയാണ് ഇതെന്നും ഐഎസ് വ്യക്തമാക്കി. ഇതിനിടയില്‍ ഇറാഖിലെ ബാഗ്ദാദില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ 33 പേര്‍ മരിച്ചു.

പുതുവര്‍ഷാഘോഷത്തിനിടെ ഇസ്താന്‍ബുളില്‍ 39 പേരെ വെടിവച്ച് കൊന്നതിന്‍റെ ഉത്തരവാദിത്വമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടമാണിതെന്ന് ഐഎസ് അവകാശപ്പെട്ടു. വീരനായ ഒരു പോരാളിയാണ് ആക്രമണം നടത്തിയെന്നും ഐഎസ് വ്യക്തമാക്കി. ഇതിന് പിന്നാലെ അക്രമി ഉസ്ബക്കിസ്ഥാന്‍ സ്വദേശിയോ കിര്‍ഗിസ്ഥാന്‍ സ്വദേശിയോ ആയിരിക്കാമെന്ന് തുര്‍ക്കി വ്യക്തമാക്കി. 

നേരത്തെ ആക്രമണത്തിന് പിന്നില്‍ കുര്‍ദ്ദിസ്ഥാന്‍ സേന ആയിരിക്കാമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളെ കൊന്നൊടുക്കാറില്ലെന്ന് കുര്‍ദ്ദുകളും വ്യക്തമാക്കി. അക്രമിക്കായി തുര്‍ക്കി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നൈറ്റ് ക്ലബ്ബിലേക്ക് ഇയാള്‍ തോക്കുമായി എത്തിയത് ഒരു കാറിലായിരുന്നുവെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സ്ഥീരികരിച്ചു. 

സാന്താ വേഷത്തിലെത്തിയ ആളാണ് അക്രമം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും തുര്‍ക്കി തള്ളിയിട്ടുണ്ട്. രാജ്യത്തെ ഭീതിയിലാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കം വിലപ്പോവിലെന്ന് പ്രസിഡന്‍റ് ത്വയിപ് എര്‍ദേഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ഇറാഖിലെ ബാഗ്ദാദില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 33 പേര്‍ മരിച്ചു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.