ബംഗളുരു വൈറ്റ്ഫീല്‍ഡിലുള്ള വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ട്രസ്റ്റികളിലൊരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കെട്ടുകളാക്കി വീടിനുകത്ത് പ്രത്യേക അലമാരകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണ് ഇതെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകത്തില്‍ ഇതാദ്യമായാണ് ഇത്രയധികം തുക ആദായനികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതുച്ചേരിയിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പെടാത്ത എണ്‍പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തിരുന്നു. പണത്തിന് പുറമെ കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.