കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെക്കുറിച്ച ലോക്‌സഭയില്‍ സര്‍ക്കാര്‍ സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു. അനാരോഗ്യം കാരണം വിശ്രമിക്കുന്ന വിദേശകാര്യമന്ത്രി സുഷമാസ്വരാജിനു വേണ്ടി പ്രസ്താവന നടത്തിയ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാവികരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ അധികാരം ഊന്നിപറയുന്നതാണ് ട്രൈബ്യൂണല്‍ വിധിയെന്ന് അവകാശപ്പെട്ടു

ഹെലികോപ്റ്റര്‍ ഇടപാടില്‍ സഹായം കിട്ടാന്‍ ഇറ്റലിയുമായി സര്‍ക്കാര്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ച് നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ അല്പനേരം മുദ്രാവാക്യം മുഴക്കിയ ശേഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. 

ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ രാഹുല്‍ ഗാന്ധിയുടെ അനുയായി കനിഷ്‌ക സിംഗിന്‍റെ കമ്പനിയില്‍ ഡയറക്ടറായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ബിജെപി തന്നെ ലക്ഷ്യം വയ്ക്കുന്നതില്‍ നിരാശയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഹൈലികോപറ്റര്‍ ഇടപാട് ഉന്നയിച്ചതിന് ഇന്നലെ പാര്‍ട്ടി എംപി സുകേന്ദു റോയിയെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയി. ഇടപാടിനെക്കുറിച്ച് നാളെ രാജ്യസഭയിലും വെള്ളിയാഴ്ച ലോക്‌സഭയിലും ചര്‍ച്ച നടക്കാനിരിക്കെ ഇരുപക്ഷവും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.