വവ്വാലുകളിൽ നിപയെ കണ്ടെത്തുക എളുപ്പമല്ല
തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന നിപ ഭീതിയുടെ മൂലകാരണക്കാർ വവ്വാലുകളാണ്. മുൻകാലങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. മുൻപ് നിപ പടർന്ന മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, ഇന്ത്യയിലെ സിലിഗുരി , നാദിയ എന്നീ സ്ഥലങ്ങളിലെ മുൻ അനുഭവങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് നിപയുടെ ഉറവിടം കണ്ടെത്താൻ വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയച്ചത്. ആദ്യം ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളുടെയും പിന്നീട് പഴംതീനി വവ്വാലുകളുടെയും സാമ്പിളുകൾ അയച്ചിരുന്നു. എന്നാൽ ലാബുകളിൽ നിന്ന് വന്ന റിപ്പോർട്ടുകൾ നെഗറ്റീവാണ്. അതായത് കേരളത്തിൽ നിന്ന് അയച്ച വവ്വാൽ സാമ്പിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ അതുകൊണ്ട് മാത്രം വവ്വാലുകളല്ല നിപയുടെ ഉറവിടമെന്ന് പറയാൻ കഴിയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി കഴിഞ്ഞു.
ഇന്ത്യയിലും ബംഗ്ലാദേശിലും നിപ പടർന്ന സമയത്ത് ആ പ്രദേശങ്ങളിൽ എത്തുകയും വിശദമായ പഠനം നടത്തുകയും ചെയ്ത ആളാണ് ന്യൂയോർക്ക് ആസ്ഥാനമായ ഇക്കോ ഹെൽത്ത് അലയൻസ് എന്ന ഗവേഷണ സ്ഥാപനത്തിലെ ജൊനാഥൻ എപ്സ്റ്റെയിൻ. ചുറ്റിലും കാണുന്ന പലതരം വവ്വാലുകളിൽ നിപയുടെ വാഹകരാകുന്ന വവ്വാലുകളുടെ എണ്ണം വളരെ ചുരുക്കമാണെന്നാണ് എപ്സ്റ്റെയിന്റെ പഠനങ്ങൾ പറയുന്നത്.

ചില പ്രത്യേക തരം പഴംതീനി വവ്വാലുകൾ ( ടെറോപസ് ജൈജാന്റിയസ്) ആണ് നിപ വൈറസുകളുടെ വാഹകരെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത് .ഈ വവ്വാലുകൾ കൂട്ടത്തോടെ ജീവിക്കുന്നവയാണ്. എന്നാൽ കൂട്ടത്തിലെ എല്ലാ വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നില്ല. 2012 ലും 2008 ലും ഇന്ത്യയിൽ തന്നെ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടുണ്ട്. 2012ൽ പൂനെയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ അമേരിക്കൻ സഹായത്തോടെ ഒരു പഠനം നടത്തി. അന്ന് മഹാരാഷ്ട്രയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും 140 വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നിപ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഇതിൽ ഒരു വവ്വാലിന്റെ സാമ്പിളിൽ മാത്രമാണ് വൈറസ് സാന്നിധ്യം കണ്ടെത്താനായത്. ബാക്കി 139 എണ്ണത്തിലും വൈറസ് കടന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല. അതേ സമയം 2008 ൽ ഹരിയാനയിൽ നിന്ന് ശേഖരിച്ച 41 സാമ്പിളിൽ 20 എണ്ണത്തിലും ആന്റിബോഡി കണ്ടെത്താൻ കഴിഞ്ഞു. മലേഷ്യയിൽ 237 വവ്വാലുകളെ പിടിച്ച് പരിശോധിച്ചപ്പോൾ അതിൽ 21 എണ്ണം മാത്രമായിരുന്നു പോസിറ്റീവ്. കണക്കുകളിലെ ഈ വ്യത്യാസം എപ്പോഴും ഉണ്ടാകുന്നതാണെന്നാണ് എപ്സ്റ്റെയിൻ പറയുന്നത്.
വവ്വാലുകളുടെ ശരീരത്തിൽ കടന്നാലും അധിക കാലം നിലനിൽക്കാൻ നിപ വൈറസുകൾക്ക് ആകില്ല. മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന നിപയ്ക്ക് വവ്വാലുകളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ നിപ ആദ്യത്തെ ജീവനെടുത്തത് ഒരു മാസം മുൻപാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് പേരാന്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മരിച്ചത്. അതിനും ദിവസങ്ങൾക്ക് മുൻപായിരിക്കണം കുഴപ്പക്കാരനായ വവ്വാലെത്തിയത്. മുഹമ്മദ് സാബിത്തിൽ എങ്ങനെയാണ് നിപയെത്തിയതെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പക്ഷെ വീട്ടിന് അടുത്തെത്തിയ ഏതെങ്കിലും വവ്വാലിൽ നിന്നാണ് നിപ പകർന്നതെങ്കിലും ആ വവ്വാൽ ഇപ്പോൾ നിപയിൽ നിന്ന് മോചിതനായിക്കാണണം. അതു മാത്രമല്ല നിപയുടെ വാഹകരായ വവ്വാലുകൾ ഭക്ഷണം തേടി ഇരുപത് മുതൽ 50 കിലോ മീറ്റർ ദൂരം വരെ സഞ്ചരിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ സമീപ പ്രദേശങ്ങളിൽ മാത്രം നടത്തുന്ന പരിശോധനയിലൂടെ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തുക എളുപ്പമല്ല. കൂടുതൽ സ്ഥലത്ത് നിന്ന് കൂടുതൽ വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥീരീകരണത്തിന് കഴിയുകയുള്ളൂ. അതിന് കൂടുതൽ സമയവും സന്നാഹങ്ങളും വേണ്ടിവരും. അതുകൊണ്ടാണ് നിപയുടെ ഉറവിടം കണ്ടെത്താൻ വിശദമായ പഠനം നടത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ചില അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് വവ്വാലുകളിൽ നിന്ന് നിപ വൈറസ് മറ്റ് ജീവികളിലേക്ക് പകരുന്നത്. വവ്വാലുകൾ കടിച്ച ഫലങ്ങൾ കഴിക്കരുതെന്ന് ഉൾപ്പെടെയുള്ള ജാഗ്രത കേരളം തുടരുക തന്നെ വേണം, എന്നാൽ അതിന്റെ പേരിൽ വവ്വാലുകളെ പേടിക്കേണ്ടതോ, അവയെ ഉപദ്രവിക്കേണ്ടതോ ആയ സാഹചര്യം നിലനിൽക്കുന്നില്ല. അത് മാത്രമല്ല കാർഷിക രംഗത്തുൾപ്പെടെ വലിയ സേവനം നൽകുന്ന ജീവികളാണ് ഈ വവ്വാലുകളെന്ന് നാം മറന്നുപോകാനും പാടില്ല. പല വൃക്ഷങ്ങളുടെയും ചെടികളുടെയും പ്രജനനത്തിലും പുഷ്പിക്കലിലും നിർണായ സ്ഥാനം വഹിക്കുന്ന ജീവികളാണ് നിലവിൽ സംശയത്തിന്റെ മുൾ മുനയിൽ നിൽക്കുന്ന വവ്വാലുകൾ.
