'നൂറോളം വള്ളങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം പോയിരുന്നു. ഓരോന്നിലും നൂറും ഇരുന്നൂറും പേരെയാണ് ഓരോ ദിവസവും രക്ഷപ്പെടുത്തിയത്. ആരുടെയും കയ്യടി മേടിക്കാനോ ചാനലുകളില്‍ വന്നിരുന്ന് സംസാരിക്കാനോ അല്ല'
തിരുവനന്തപുരം: പ്രളയത്തില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് പേരെയാണ് മത്സ്യത്തൊഴിലാളികളുടെ സംഘം രക്ഷപ്പെടുത്തിയത്. 600 ബോട്ടുകളിലായി വിവിധയിടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ രാപ്പകലില്ലാതെയാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ച ജാക്‌സണ്‍ എന്ന മത്സ്യത്തൊഴിലാളി അനുഭവങ്ങള്‍ പറയുന്നു...
'ബുധനാഴ്ച രാത്രി തന്നെ ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മനസ്സിലായിരുന്നു. എങ്ങനെയും ദുരിതബാധിത പ്രദേശങ്ങളിലെത്തുകയെന്നതായിരുന്നു ലക്ഷ്യം. ആര്‍മിക്കും പൊലീസിനുമൊന്നും എത്താനാകാത്ത സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് ചെല്ലാന്‍ കഴിയുമെന്ന് ഞങ്ങളപ്പോഴേ പറയുന്നുണ്ടായിരുന്നു. അക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെയാണ് ചെങ്ങന്നൂരിലെ അവസ്ഥ മനസ്സിലാക്കിയത്. അവിടെ ആരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് ചെങ്ങന്നൂരും പാണ്ടനാടും എത്തുന്നത്. അവിടെ എത്തിയപ്പോള്‍ നാട്ടുകാരനായ ബിനു എന്ന സുഹൃത്ത് സഹായത്തിനെത്തി. അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ച ഞങ്ങളോടൊപ്പം ചേര്‍ന്നു. സ്ഥലങ്ങള്‍ പറഞ്ഞുതന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. നാലുഭാഗത്ത് നിന്നും കൂട്ടക്കരച്ചിലായിരുന്നു. അത്യാവശ്യക്കാരെ ആദ്യം രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. രോഗികളായവരെയെല്ലാം അങ്ങനെ ആദ്യം ബോട്ടിലും വള്ളത്തിലുമൊക്കെയായി കരയ്‌ക്കെത്തിച്ചു...'
ഏതാണ്ട് നാന്നൂറോളം പേരെയാണ് ജാക്‌സന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം രക്ഷപ്പെടുത്തിയത്. തുമ്പയില്‍ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നവര്‍ മുഴുവനും. രക്ഷാപ്രവര്‍ത്തനത്തിനിടെ ലക്ഷങ്ങളുടെ മെഷിനുകള്‍ക്ക് കേടുപാടുകള്‍ വന്നുവെങ്കിലും സംഘം ദൗത്യം തുടരുകയായിരുന്നു.
'ആദ്യ ദിവസം ഏതാണ്ട് 210 പേരെയാണ് ഞങ്ങള്‍ രക്ഷപ്പെടുത്തിയത്. നൂറോളം വള്ളങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം പോയിരുന്നു. ഓരോന്നിലും നൂറും ഇരുന്നൂറും പേരെയാണ് ഓരോ ദിവസവും രക്ഷപ്പെടുത്തിയത്. ആരുടെയും കയ്യടി മേടിക്കാനോ ചാനലുകളില്‍ വന്നിരുന്ന് സംസാരിക്കാനോ അല്ല. ഓഖി തന്ന നീറ്റല്‍ ഇപ്പോഴും ഉള്ളിലുണ്ട്. മറ്റുള്ളവര്‍ എങ്ങനെയാണ് ഇതിനെ കാണുന്നത് എന്നറിയില്ല. മത്സ്യത്തൊഴിലാളികള്‍ക്കല്ല, ആര്‍ക്കാണെങ്കിലും അത്തരമൊരനുഭവം ഭീകരമാണ്. അതൊന്നും നോക്കി വെറുതെ നില്‍ക്കാനാകില്ല'- ജാക്‌സണ്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ അതിസാഹസികവും വൈകാരികവുമായി അനുഭവം ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ലാണ് ജാക്‌സണ്‍ പങ്കുവച്ചത്.
