റിപ്പോര്‍ട്ട്- സി.പി. അജിത

സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍. പേരില്‍ മാത്രമല്ല. ഉള്ളടക്കത്തിലും കൗതുകമുള്ള പുസ്തകം.. ബാര്‍കോഴക്കേസ് , സിവില്‍ സപ്ലെയ്‌സ് അഴിമതി, മദനിയുടെ അറസ്റ്റിന്റെ അണിയറക്കഥകള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി സി ദിവാകരനും അടക്കം രാഷ്ട്രീയ പ്രമുഖര്‍ക്കെതിരായ ആരോപണങ്ങള്‍. ജേക്കബ് തോമസിന്റെ ആത്മകഥയെച്ചൊല്ലി വിവാദങ്ങള്‍ അവസാനിക്കുന്നില്ല. വിവാദങ്ങള്‍ ഒരുവഴിക്ക് പോകട്ടേ, നാട്ടിലെ അഴിമതി തടയാന്‍ ജേക്കബ് തോമസിന്‍റെ പക്കലൊരു ഒറ്റമൂലിയുണ്ട്.

അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും സ്വന്തം. അനുഭവങ്ങള്‍ തുറന്നെഴുതാന്‍ തയ്യാറായി പത്ത് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നാല്‍ അന്നു നിലയ്ക്കും കേരളത്തിലെ അഴിമതിയെന്നാണ് ജേക്കബ് തോമസിന്റെ വെല്ലുവിളി. ചട്ടലംഘനമെന്നും പരിധിവിട്ട പുസ്തകമെന്നുമൊക്കെ ആരോപിക്കുന്ന ആരും പുസ്തകത്തിനെതിരെ നിയമനടപടിക്ക് കോടതിയെ സമീപിക്കാത്തത് അത്ഭുതമാണെന്നാണ് ജേക്കബ് തോമസ് പറയുന്നു. സര്‍വ്വീസ് ചട്ടലംഘനമാണെങ്കില്‍ പുസ്തകം പിന്‍വലിക്കുകയോ നിരോധിക്കുകയോ ചെയ്യട്ടെ എന്നാണ് ജേക്കബ് തോമസിന്‍റെ വാദം.

വിവാദങ്ങള്‍ക്കിടയില്‍ അവധി ദിവസങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥമാക്കുകയാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ നേടിയ ഡോക്ടറേറ്റ്. ഒപ്പം പാലായിലെ എണ്ണം പറഞ്ഞ കര്‍ഷക കുടുംബത്തിന്റെ പശ്ചാത്തലവും കൂടിയാകുന്‌പോള്‍ ജേക്കബ് തോമസ് എത്തിപ്പെട്ടത് കാട്ടാക്കടക്കടുത്ത് മണ്ണൂര്ക്കരയിലെ സിദ്ധാശ്രമത്തില്‍.. !

നാല്‍പതേക്കര്‍ കൃഷിയിടമുണ്ട് സിദ്ധാശ്രമത്തിന് കീഴില്‍ . സ്വയം പര്യാപ്ത സമൂഹത്തിന്റെ ചിട്ടകള്‍ക്കൊപ്പമാണ് മുന്‍ വിജിലന്‍സ് മേധാവിയുടെ ജീവിതം. മരച്ചീനിയും വാഴയും പച്ചക്കറികളും നെല്ലുമെല്ലാം വിളയുന്ന കൃഷിത്തോട്ടം. കാര്‍ഷിക വൃത്തിയുടെ മേല്‍നോട്ടം മുതല്‍ കൃഷിപ്പണിയിലെ സജീവ പങ്കാളിത്തം വരെ ദിനചര്യകളുടെ ഭാഗമാണ്. ജീവിത രീതിയും ആഹാര രീതിയുമെല്ലാം പൂര്‍ണമായും പ്രകൃതിയോടിണങ്ങിയാണെന്ന് പറയുന്നു ജേക്കബ് തോമസ്.

മണിക്കൂറുകള്‍ നീളുന്ന നടത്തം. പ്രാര്‍ത്ഥന , ധ്യാനം . പിന്നെ പ്രധാനപ്പെട്ട മറ്റൊരു പണികൂടിയുണ്ട് കൂട്ടത്തില്‍. സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍ എന്ന പേരില്‍ എഴുതിയ വിവാദ പുസ്തകത്തിന് പിന്നാലെ മറ്റൊരു പുസ്തകം കൂടി വരികയാണ്. പേരിട്ടിട്ടില്ല. പ്രസാധക നിബന്ധനകള്‍ ഉള്ളതിനാല്‍ ഉള്ളടക്കവും പുറത്ത് പറയാറായിട്ടില്ല. 

പതിനൊന്ന് അദ്ധ്യായങ്ങള്‍ ഇതിനകം എഴുതി തീര്‍ത്തെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മാനേജ്‌മെന്റ് ആണ് അടിസ്ഥാന ഉള്ളടക്കമെന്നാണ് സൂചന . അതില്‍ തന്നെ പലമേഖലകളില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട അനുഭവങ്ങളും അതുണ്ടാക്കിയ കാഴ്ചപ്പാടുകളുമെല്ലാം ഉണ്ടാകുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. 

സ്രാവുകള്‍ക്കൊപ്പം നീന്തുന്‌പോള്‍ എന്ന പുസ്തകം ഒരാഴ്ചക്കിടെ രണ്ടാം പതിപ്പ് ഇറങ്ങി. ഇപ്പോഴും പുസ്തകം ചൂടപ്പം പോലെ വിറ്റുപോകുകയാണ്. ഓണ്‍ലൈനിലാണ് ആവശ്യക്കാര്‍ കൂടുതല്‍. പുസ്തകത്തില്‍ പതിനാലിടത്ത് സര്‍വ്വീസ് ചടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍.