തിരുവനന്തപുരം : തനിയ്ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ഡിജിപി ജേക്കബ് തോമസ്. എന്തിനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇതാകില്ലായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം എന്നായിരുന്നു ജേക്കബ് തോമസിന്റെ ആക്ഷേപം. ഇവിടെ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

ജേക്കബ് തോമസിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ വികാരം ഉണ്ടാക്കിയെന്നും ഇത് സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ചെയ്യാപാടില്ലാത്തുമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അഖിലേന്ത്യ സര്‍വ്വീസ് നിയമപ്രകാരം ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സസ്‌പെന്‍ഷനു പുറമെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമുണ്ടാകും.