തിരുവനനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടറായാണ് നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാവിലെ സര്‍ക്കാര്‍ പുറത്തിറക്കി.
തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം പിന്നീട് പറയുമെന്നും അത് താനാണോ സര്‍ക്കാറാണോ ആദ്യം പറയുകയെന്ന് നോക്കാമെന്നും അദ്ദേഹം ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ.എം.ജി ഡയറക്ടറുടെ തസ്തിക കേഡര്‍ തസ്തികയാക്കി മാറ്റിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ജേക്കബ് തോമസിന് നിയമനം നല്‍കിയിരിക്കുന്നത്. രണ്ട് മാസത്തെ അവധി അവസാനിച്ചതിനെ തുടര്‍ന്ന് താന്‍ ഏത് തസ്തികയില്‍ തിരികെ പ്രവേശിക്കണമെന്ന് ചോദിച്ച് ഇന്നലെ ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവിലൂടെ ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധവായായി തിരികെ എത്തിയപ്പോഴാണ് അപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഒരു മാസത്തെ അവധി പൂര്‍ത്തിയായപ്പോള്‍ വീണ്ടും ഒരുമാസം കൂടി അവധി നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
