ജയില്‍ ഡിഐജി പ്രദീപിനെതിരെ അന്വേഷണത്തിന് ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ ഉത്തരവ്. ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്.

പത്തനംതിട്ട ജില്ല ജയിലിലെ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി സീരിയല്‍ നടിയെ ദക്ഷിണമേഖല ഡിഐജി പ്രദീപ് ഔദ്യോഗികവാഹനത്തില്‍ കൊണ്ടുപോയതിനെ കുറിച്ചാണ് അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിലില്‍ നിന്ന് നടിക്ക് പണം നല്‍കിയെന്നും ആരോപണമുണ്ട്. ഔദ്യോഗികവാഹനവും പദവിയും ദുരുപയോഗം ചെയ്തുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എന്നാല്‍ ആദ്യം അന്വേഷണം കൈമാറിയ ഉത്തരമേഖല ഡിഐജി ശിവദാസന്‍ തൈപ്പറമ്പ് അന്വേഷണം ഏറ്റടുത്തില്ല. പിന്നീട് ജയില്‍ ഐജി ഗോപകുമാറിനാണ് അന്വേഷണം കൈമാറിയത്. ജയില്‍ ആഘോഷങ്ങളില്‍ സ്ഥിരമായി താരങ്ങളെ എത്തിക്കുന്നത് ഈ ഡിഐദിയാണ്. അതേ സമയം വാഹനത്തില്‍ നടിയുടെ രക്ഷിതാക്കള്‍ കൂടി ഉണ്ടായിരുന്നതായും മറ്റൊരു വാഹനം തിരുവനന്തപുരത്തുനിന്ന് വിളിച്ച് നഷ്‌ടമുണ്ടാകാതിരിക്കാനാണ് തന്‍റെ വാഹനത്തില്‍ കൂട്ടികൊണ്ടുപോയതെന്നുമാണ് പ്രദീപിന്‍റെ വിശദീകരണം.