ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ വൈകിയതോടെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന കാരണത്താല്‍ വിമാനം പറത്താന്‍ തയ്യാറാകാതെ പൈലറ്റ്. ലഖ്‌നൗവില്‍ നിന്നും ജയ്പൂര്‍ വഴി ദില്ലിക്ക് പോകേണ്ടിയിരുന്ന അലയന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരാണ് ഇടയ്ക്ക് കുടുങ്ങിയത്. ഇന്നലെ രാത്രി ദില്ലിയില്‍ എത്തേണ്ടിയിരുന്നതാണ് വിമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം വൈകുകയായിരുന്നു.
ജയ്പൂരില്‍ എത്തിയപ്പോള്‍ തന്നെ പുലര്‍ച്ചെ 1.30 ആയിരുന്നു. എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഡ്യുട്ടി പരിമിതിയുള്ളതിനാല്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നായിന്നു പൈലറ്റിന്റെ നിലപാട്. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയാണ് അലയന്‍സ് എയര്‍. 48 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ചിലരെ ബസ് മാര്‍ഗം ദില്ലിയില്‍ എത്തിച്ചു. അവശേഷിച്ചവര്‍ക്ക് താമസസൗകര്യം നല്‍കുകയും രാവിലത്തെ വിമാനത്തില്‍ ദില്ലിയില്‍ അയക്കുകയും ചെയ്തു.
ഡ്യുട്ടി സമയം കഴിഞ്ഞതിനാല്‍ വിമാനം പറത്താന്‍ പൈലറ്റ് തയ്യാറായില്ലെന്ന കാര്യം ജയ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജെ.എസ് ബല്‍ഹറ സമ്മതിച്ചു. ഡിജിസിഎയുടെ ചട്ടങ്ങള്‍ ഉള്ളതിനാലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൈലറ്റ് സര്‍വീസ് തുടരാന്‍ വിസമ്മതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
