ഷിംല: ജയറാം താക്കൂര്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയാവും. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരും കേന്ദ്രമന്ത്രിമാരുമായ നിര്‍മല സീതാരാമനും നരേന്ദ്ര സിംഗ് തോമറും പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി ജെപി നഡായുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നതില്‍ കേന്ദ്രനേതൃത്വത്തിനുള്ള അഭിപ്രായവ്യത്യാസമാണ് ജയ്റാം താക്കുറിന് അനുകൂലമായത്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്നാണ് ആരാവണം മുഖ്യമന്ത്രിയെന്ന തര്‍ക്കം പാര്‍ട്ടിയില്‍ ഉടലെടുത്തത്. എംഎല്‍എമാരില്‍ നിന്നാവണം മുഖ്യമന്ത്രിയെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് അഞ്ചു തവണ എംഎല്‍എ ആയ താക്കൂറിന് നറുക്കുവീണത്. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന താക്കൂര്‍ പാര്‍ട്ടിയിലെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്. ആര്‍എസ്എസുമായുള്ള അടുത്ത ബന്ധവും താക്കൂറിന് തുണയായി.

സെറാജില്‍ നിന്നാണ് അഞ്ചാം തവണയും എംഎല്‍എ ആയി ജയറാം താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 68 അംഗ നിയമസഭയില്‍ ബിജെപിക്കു 44 എംഎല്‍എമാരാണുള്ളത്.