ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൗലാന മസൂദ് ഭാവല്‍പൂരിലുള്ള ജയ്ഷെ താവളത്തിലേക്കാണ് പോയിരിക്കുന്നത്

കശ്മീര്‍: പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് മുമ്പ് ജയ്ഷെ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷിത താവളങ്ങളിലേക്ക് ജയ്ഷെ നേതാക്കള്‍ മാറിയത്. ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മൗലാന മസൂദ് ഭാവല്‍പൂരിലുള്ള ജയ്ഷെ താവളത്തിലേക്കാണ് പോയിരിക്കുന്നത്. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്ഷെ ഇ മുഹമ്മദിന്‍റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ന്നിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് ജയ്ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെ‍ഡ്ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു.

ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു.

ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ചില ഭീകരക്യാമ്പുകൾ തകർത്തു എന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.