ദില്ലി: ചരക്കു സേവന നികുതി ബില്‍ പാസ്സാക്കുന്ന വിഷയത്തില്‍ സമവായം തേടി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കാണും. രാജ്യസഭാപ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ്മ എന്നിവരെയാണ് ജയ്റ്റ്!ലി കാണുക. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജയ്റ്റ്‌ലി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ടെലിഫോണില്‍ വിളിച്ചിരുന്നു, സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും ഗുലാംനബി ആസാദ് ആദ്യം ചര്‍ച്ച ചെയ്യട്ടെ എന്നാണ് കോണ്‍ഗ്രസ് തീരുമാനം. വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന സൂചയുണ്ടായിരുന്നെങ്കിലും അരുണാചല്‍പ്രദേശിലെ തര്‍ക്കത്തിലുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.