ജലന്ദര്‍: വിവാഹം ഒഴിയാനായി സുഹൃത്തുക്കള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കി സഹപാഠിയെ പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥി അറസ്റ്റില്‍. പഞ്ചാബില്‍ ജലന്ദര്‍ ജില്ലയില്‍ താല്‍വാന്‍ ഗ്രാമത്തിലാണ്‌ സിനിമാകഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായത്‌. കേസില്‍ 19കാരനായ ഹര്‍പ്രീത്‌ സിങ്‌ ഹാപ്പിയെയാണ്‌ പൊലീസ്‌ അറസ്റ്റ് ചെയ്‍തിരിക്കുന്നത്‌. ഹര്‍പ്രീതിന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിനരയാക്കിയ ബിന്ദു, രവി എന്നിവരെ പിടികൂടാനുണ്ട്‌.

പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയും ഹര്‍പ്രീതും തമ്മില്‍ നീണ്ട കാലത്തോളം പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‍തു. എന്നാല്‍ വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന ഹര്‍പ്രീത്‌ കൂട്ടുകാരുമായി ഗൂഢാലോചന നടത്തി വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടാല്‍ വിവാഹം ചെയ്യുന്നതില്‍ നിന്ന്‌ പിന്മാറാമെന്ന കണക്കൂ കൂട്ടലിലായിരുന്നു ഹര്‍പ്രീത്‌ ക്രൂരകൃത്യത്തിന്‌ അവസരമൊരുക്കിയത്‌.

ജൂലൈ 20ന്‌ രാത്രി പത്തരയോടെ, തന്റെ ബന്ധുക്കളെ പരിചയപ്പെടുത്താനാണെന്ന വ്യാജേന വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കിയ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന്‌് ബന്ധുക്കളെ കൂട്ടി വരാമെന്ന്‌ പറഞ്ഞ്‌ പ്രദേശത്തുള്ള മാര്‍ക്കറ്റിന്‌ സമീപം പെണ്‍കുട്ടിയെ ഇറക്കിനിര്‍ത്തി ഹര്‍പ്രീത്‌ പോയി.

പിന്നാലെ എത്തിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയോട്‌, ഹര്‍പ്രീത്‌ പറഞ്ഞയച്ചതാണെന്ന്‌ അറിയിച്ച്‌ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു. ഒപ്പം പോയ വിദ്യാര്‍ഥിനിയെ സമീപത്തുള്ള ഒഴിഞ്ഞ മുറിയില്‍വച്ച്‌ ക്രൂരമായ പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. മറ്റിടങ്ങളില്‍ വച്ചും പീഡനത്തിരയാക്കിയതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഘം, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ്‌ അറിയിച്ചു.