ദില്ലി: സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ജമാ അത്തെ ഇസ്ലാമി ഹിന്ദ്. വിധി രാജ്യത്തെ ധാര്‍മ്മിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. പുരുഷന്മാര്‍ പരസ്പരം വിവാഹം ചെയ്യുന്നതും സ്ത്രീകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതും കുടുംബ സംവിധാനത്തെ തകര്‍ക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ കുറ്റകൃത്യങ്ങളെ അംഗീകരിക്കാന്‍ ഒരു സമൂഹത്തിനും സാധിക്കില്ല. ഇത്തരം അപകടകരങ്ങളായ പരീക്ഷണങ്ങള്‍ മനുഷ്യസമൂഹത്തെ നശിപ്പിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങളെ തകര്‍ക്കുമെന്നും ജമാ അത്തെ ഇസ്ലാമി പ്രസ്താവനയില്‍ പറയുന്നു.

പൗരന്മാരുടെ മൗലികാവകാശങ്ങളിലും ന്യൂനപക്ഷ സ്വാതന്ത്ര്യാവകാശങ്ങളിലും ജമാ അത്തെ ഇസ്ലാമി ഉറച്ചു വിശ്വസിക്കുന്നതായും എന്നാല്‍ ധാര്‍മ്മിക ഉത്തരവാദിത്തം സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും മതങ്ങളെയും വ്യക്തിനിയമങ്ങലെയും കുടുംബങ്ങളെയും കുട്ടികളെയുമൊക്കെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തില്‍ വിധിക്കെതിരെ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മുന്നിട്ടിറങ്ങണമെന്നുമാണ്  പ്രസ്താവനയിലൂടെയുള്ള ആഹ്വാനം.