നേരത്തെ, ബിജെപി -പിഡിപി സഖ്യമാണ് ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയത്. എന്നാല്‍, പിഡിപിക്ക് ബിജെപി നല്‍കി വന്ന പിന്തുണ പിന്‍വലിച്ചതോടെ ഭരണം പ്രതിസന്ധിയിലായി

ദില്ലി: ആറു മാസത്തിലേറെയായി ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു കാശ്മീരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഭരണപ്രതിസന്ധി മൂലം അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും വരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവും ഭരിക്കുക.

നേരത്തെ, ബിജെപി -പിഡിപി സഖ്യമാണ് ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയത്. എന്നാല്‍, പിഡിപിക്ക് ബിജെപി നല്‍കി വന്ന പിന്തുണ പിന്‍വലിച്ചതോടെ ഭരണം പ്രതിസന്ധിയിലായി. ഇതിന് ശേഷം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ധാരണയായിരുന്നു.

പിഡിപി നേതാവ് അല്‍ത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനും സഖ്യം തീരുമാനിച്ചു. പക്ഷേ, നിയമസഭ പിരിച്ച് വിട്ട് ഈ നീക്കം ഗവര്‍ണര്‍ തകര്‍ത്തു. ഇതേച്ചൊല്ലി സംസ്ഥാന രാഷ്ട്രീയം ഏറെ കലുഷിതമായി. സര്‍ക്കാരുണ്ടാക്കുമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തന്നെയാണ് പത്രക്കുറിപ്പില്‍ അറിയിച്ചത്.

എന്നാല്‍, ഇതിനോട് ഗവര്‍ണര്‍ യോജിച്ചില്ല. സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നാണ് ബിജെപി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ പിഡിപിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി അധികാരത്തിലേറാന്‍ ബിജെപിയും ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.