കോഴിക്കോട്: കേരള കോൺഗ്രസ്സിനും ആർ എസ് പിക്കും പിന്നാലെ കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ജനതാദൾ യുണൈറ്റഡ് . യു ഡി എഫ് പിന്തുണയില്ലെങ്കിലും 2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജനതാദൾ യുണൈറ്റഡ് സെക്രട്ടറി ജനറൽ വർ‍ഗീസ് ജോർജ്ജ്. നേമത്തെ വോട്ട് കച്ചവടം അതീവഗൗരവമാണെന്നും കോൺഗ്രസ് നേതാക്കളുടെ വോട്ട് കച്ചവടത്തിന്റെ ഉത്തരവാദിത്വം കെ പി സി സിക്കെന്നും വർ‍ഗീസ് ജോർജ്ജ് വ്യക്തമാക്കി.

വോട്ട് കച്ചവടം നടന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് റദ്ദാക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കച്ചവടം നടത്തിയതാരെന്നും വ്യവസ്ഥകൾ എന്തായിരുന്നെന്നും കോൺഗ്രസ് പറയണം. അടിയന്തരമായി യി ഡി എഫ് ചേർന്ന് കെ പി സി സി റിപ്പോർട്ട് ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണം.

മറ്റ് പാർട്ടികളുടെ ശക്തിയിൽ വിശ്വസിച്ച് ഇനി തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല. 2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പിന്തുണയില്ലെങ്കിലും വടകരയിലോ കോഴിക്കോടോ മത്സരിക്കും. ദേശീയ രാഷ്ട്രീയത്തിന് അനുസരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളിൽ മാറ്റങ്ങളുണ്ടാകും. പാർട്ടിയുടെ സംസ്ഥാന ഭാരാവാഹി യോഗം 16ന് ചേർന്ന് ഭാവി നിലപാടുകൾ വ്യക്തമാക്കുമെന്നും വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു.