കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു
കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂർ പഞ്ചായത്തിൽ മാത്രം 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം നിയന്ത്രിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊർജിതമാക്കി. ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. രണ്ടാഴ്ചക്കിടെ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് റിപ്പോർട്ടുകൾ.
മഞ്ഞപ്പിത്തബാധ നിയന്ത്രിക്കാൻ വീടുകളിൽ ആരോഗ്യവകുപ്പ് സക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കി. വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. ആരോഗ്യപ്രവർത്തകർ,ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ബോധവത്കരണ ക്ലാസുകളും നടക്കുന്നു.
തിളപ്പിച്ചാറിയ പാനീയങ്ങളെ കഴിക്കാവു എന്നും ഭക്ഷണപദാർത്ഥങ്ങൾ മൂടി വച്ച് സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയുള്ളവർ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. ആവശ്യമെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനും ആലോചനയുണ്ട്.
