തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ്  നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു. 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കും എതിരെ ഗുരുതര ആരോപണവുമായി അന്വേഷണ കമ്മീഷന്‍. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു. 

ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നവും അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്നും അപ്പോളോ ആശുപത്രി അധികൃതരും അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു‌. 

ശനിയാഴ്ച ലണ്ടനിൽ ജോലി ചെയ്യുന്ന ഡോ റിച്ചാർഡ്‌ ബെയിലിന്‌ കമ്മീഷൻ സമൻസ്‌ അയച്ചു. ജയലളിതയെ 2016 സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിച്ച ശേഷം ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന റിച്ചാർഡ് ബെയിൽ പലപ്പോഴായി ആശുപത്രി സന്ദർശിച്ചിരുന്നു. 2017 ഡിസംബർ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.