ചെന്നൈ: ജയലളിതയുടെ കോടിക്കണക്കിനു സ്വത്തുക്കള്‍ ഇനി ആര്‍ക്കാണ് ലഭിക്കുക എന്നത് തമിഴകത്ത് വലിയ ചര്‍ച്ചയാകുകയാണ്. കുടുംബമോ മക്കളോ ഇല്ലാത്തതിനാലും ജയയുടെ സ്വത്ത് ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് വന്നു ചേരും എന്നാണ് പൊതുവിലെ സംസാരം. എന്നല്‍ തന്‍റെ സ്വത്തുക്കളുടെ കാര്യത്തില്‍ ജയലളിത മുമ്പേ തീരുമാനം എടുത്തിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് വില്‍പത്രം തയാറാക്കി വച്ചിരുന്നു ജയ എന്നാണ് റിപ്പോര്‍ട്ട്. സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ഈ വില്‍പത്രത്തില്‍ ഉണ്ട് എന്നു പറയുന്നു. ഒരു ട്രസ്റ്റ് രൂപികരിച്ച് സ്വത്തുവകകള്‍ ആ ട്രെസ്റ്റിനു വരുന്ന രീതിയിലാണു വില്‍പത്രം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല. ഇത്തരത്തില്‍ ഒരു ട്രസ്റ്റിലേക്കാണ് എംജിആര്‍ അവസാനകാലത്ത് സ്വന്തം സ്വത്തുകള്‍ മാറ്റിയത്. ആ വഴിക്ക് ജയയും ചിന്തിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
ട്രസ്റ്റിന്‍റെ തലപ്പത്ത് ഉറ്റ തോഴിയായ ശശികല നടരാജന്‍ ആണെന്നാണു സൂചന. ജയലളിത താമസിച്ചിരുന്ന 24,000 ചതുരശ്ര അടി വരുന്ന പോയസ് ഗാര്‍ഡന്‍ തോഴി ശശികലയുടെ പേരിലാണ് എഴുതി വച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയലളിത നല്‍കിയ വിവരപ്രകാരം ഇവര്‍ക്ക് 117.3 കോടിയുടെ ആസ്തിയുണ്ട്.
എന്നാല്‍ ഇതിന്‍റെ യഥാര്‍ഥ മൂല്യം എത്ര വരും എന്ന് ഇനിയും കണക്കാക്കിട്ടില്ല. സ്വന്തം പേരില്‍ അല്ലാതെയും കോടിക്കണക്കിനു സ്വത്തുക്കള്‍ ഉണ്ട് എന്നും പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ആ സ്വത്തുക്കള്‍ എല്ലാം ശശികലയുടെ കൈവശം ഇരിക്കാനാണു സാധ്യത. ഇതിനെക്കുറിച്ച് വില്‍പത്രത്തില്‍ സൂചനകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
ജയലളിതയുടെ സഹോദരന്‍റെ മക്കള്‍ ഇപ്പോഴും ജീവനോടെ ഉണ്ട്. എന്നാല്‍ സ്വത്തുക്കള്‍ ഇവര്‍ക്കു ലഭിക്കാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. ശശികലയുടെ മരുമകനും ജയലളിതയുടെ ദത്തുപത്രനുമായ സുധാകരന് സ്വത്തിന്‍റെ എന്തെങ്കിലും പങ്കു ലഭിക്കുമോ എന്നാ കാര്യത്തിലും തീരുമാനമായിട്ടില്ല.
