ചെന്നൈ: പ്രാദേശിക രാഷ്ടീയ കക്ഷികൾക്ക് ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതിൽ ജയലളിയതയുടെ തമിഴ്നാട്ടിലെ ഉയർച്ച ചെറുതല്ലാത്ത പങ്കുവഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് തമിഴ്നാട്ടിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാനുള്ള താല്‍പര്യം പ്രകടമാക്കിയ ജയലളിത രണ്ടരവർഷമായി ദില്ലിയിൽ നരേന്ദ്ര മോദി സർക്കാരിന് ശക്തമായ പിന്തുണയാണ് നല്‍കിവന്നത്.തമിഴ് രാഷ്ട്രീയത്തിലെ ഈ ശൂന്യത മുതലെടുക്കാൻ ദേശീയ പാർട്ടികളും ഇനി ശ്രമിച്ചേക്കും.

1999 മാർച്ച് ഇരുപത്തിയൊമ്പതിന് ദില്ലിയിലെ അശോകാ ഹോട്ടലിൽ ഒരു ചായസത്ക്കാരം നടന്നു. സുബ്രമണ്യൻ സ്വാമി സംഘടിപ്പിച്ച ആ ചായസത്ക്കാരത്തിന് ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണാക സ്ഥാനമുണ്ട്. സോണിയാഗാന്ധി പങ്കെടുത്ത ആ ചായസത്ക്കാരത്തിൽ ശ്രദ്ധാ കേന്ദ്രം തമിഴ്നാട്ടിൽ നിന്നുള്ള കരുത്തുറ്റ നേതാവ് ജയലളിതയായിരുന്നു.ചായസത്ക്കാരത്തിനുശേഷം പുറത്തു കാത്തുനിന്ന റിപ്പോർട്ടർമാരോട് ജയലളിത പ്രഖ്യാപിച്ചു. വാജ്പേയ് സർക്കാരിനുള്ള പിന്തുണ ഞാൻ പിൻവലിച്ചിരിക്കുന്നു. ആ കേന്ദ്ര സർക്കാർ ഒറ്റ വോട്ടിന് വീണു. തമിഴ്നാട്ടിലെ ജനവിശ്വാസം 26 വർഷം നിലനിര്‍ത്തിയപ്പോഴും പ്രവചനാതീതമായ നിലപാടുകൾ ജയലളിതയ്ക്ക് ദേശീയ തലത്തിൽ സുഹൃത്തുക്കളില്ലാതാക്കി.

ഇതിനൊപ്പം ജയലളിത ചെന്നൈയിൽ മാത്രം ഒതുങ്ങില്ലെന്ന് പ്രചരിപ്പിച്ച അണ്ണാ ഡിഎംകെ പാർലമെന്റ് പശ്ചാത്തലമാക്കി ജയലളിതയുടെ ചിത്രങ്ങൾ പ്രകടനപത്രികയിലും പോസ്റ്ററുകളിലും ഉൾപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ തന്നെ നരേന്ദ്ര മോദിയെ അംഗീകരിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു ജയലളിത. ഡിഎംകെയോട് അടുപ്പം പുലർത്തിയ അദ്വാനി ക്യാംപിനെ അവഗണിച്ച് ജയലളിത മോദിയെ സഹായിച്ചു. 2012ൽ തന്റെ സത്യപ്രതിജ്ഞയ്ക്ക് ജയലളിത എത്തിയത് നരേന്ദ്ര മോദിക്ക് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള യാത്രയിൽ കരുത്തു പകർന്നു.

തെരഞ്ഞെടുപ്പ് മൈതാനത്ത് എതിരാളികളാകുമ്പോഴും വ്യക്തിപരമായ അടുപ്പം ഇരുവരും തുടർന്നു. ജയലളിതയുടെ അസുഖത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞ് പുറംലോകം അറിയാതെ പ്രത്യേക വിമാനത്തിൽ ഒന്നു രണ്ടു വിദഗ്ധരെ മോദി ചെന്നൈയിലെത്തിച്ചിരുന്നു. ജിഎസ്‌ടി, പണം അസാധുവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ എതിർത്തെങ്കിലും രണ്ടരവർഷമായി അണ്ണാ ഡിഎംകെ പാർ‍ലമെന്റിൽ സർക്കാർ പക്ഷത്താണ്. ജയലളിതയുടെ വിയോഗത്തിലൂടെ മോദിക്ക് അടുത്ത രാഷ്ട്രീയ സുഹൃത്തിനെ നഷ്ടമാകുന്നു. എങ്കിലും ബിജെപി തമിഴ്നാട്ടിൽ ഇപ്പോഴത്തെ വിടവ് മുതലെടുക്കാനുള്ള നീക്കം നടത്തുമെന്ന് ഉറപ്പ്.

വളർത്തുമകന്റെ ആർഭാട വിവാഹവും, അത്യസാധാരണ ജീവിത രീതികളും, അനധികൃത സ്വത്തു സമ്പാദന കേസും എല്ലാ രാജ്യം ചർച്ച ചെയ്തു. എന്നാൽ ആർക്കും എഴുതി തള്ളാനാവാത്ത നേതാവായി ജയലളിത നിലകൊണ്ടു. ദില്ലിയെ ചലിപ്പിക്കാനുള്ള ചരട് പ്രാദേശിക പാർട്ടികൾ സ്വന്തമാക്കിയതിൽ ജയലളിത എന്ന നേതാവിന്റെ പങ്ക് വലുതായിരുന്നു. മായാവതിക്കും മമതയ്ക്കും മുന്നെ ഒരു വനിതയ്ക്ക് എങ്ങനെ പ്രാദേശിക പാർട്ടിയുടെ അവസാനവാക്കായി മാറാനാകും എന്ന് ജയലളിത തെളിയിച്ചു. തമിഴ്നാട് രാഷ്ട്രീയവും അണ്ണാ ഡിഎംകെയുടെ ഭാവിയും എങ്ങനെ തിരിയും എന്നത് ഇനി ഒറ്റ നേതാവിനു ചുറ്റും കറങ്ങുന്ന എല്ലാ പാർട്ടികൾക്കും അനുഭവ പാഠമാകും.