ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ അദ്ധ്യക്ഷ ജയലളിത സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ഗവര്‍ണറെ കണ്ടു. 134 എംഎല്‍എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ജയലളിത ഗവര്‍ണര്‍ക്ക് കൈമാറി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് മദ്രാസ് സര്‍വകലാശാലയിലാണ് സത്യപ്രതിജ്ഞ.
വൈകുന്നേരം നാലേകാലോടെയാണ് ജയലളിത രാജ് ഭവനിലെത്തിയത്. ഗവര്‍ണര്‍ കെ റോസയ്യയുമായുള്ള കൂടികാഴ്ചയില്‍ ജയലളിത ആദ്യം തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവയ്‌ക്കുന്നതായുള്ള കത്താണ് ഗവര്‍ണര്‍ക്ക് നല്‍കിയത്.
ഇത് സ്വീകരിച്ച ഗവര്‍ണര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ജയലളിതക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. പിന്നീട് 134 എഐഎഡിഎംകെ എംഎല്‍എമാര്‍ ഒപ്പുവച്ച കത്ത് ജയലളിത ഗവര്‍ണര്‍ക്ക് നല്‍കി. ഔപചാരിതകള്‍ പൂര്‍ത്തിയാക്കി നാലേ മുക്കാലോടെ തന്നെ ജയ മടങ്ങി. ഇനി സത്യപ്രതിജ്ഞക്കുള്ള ഒരുക്കമാണ്. മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. അഴിമതി കേസില്‍ കുറ്റവിമുക്തയായ ശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെയാണ് ജയലളിത സത്യപ്രതിജ്ഞക്ക് തെരഞ്ഞെടുത്തത്.
ജയലളിത മാത്രമാകും അധികാരമേല്‍ക്കുക. മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേ ഉള്ളു. ആര് മന്ത്രിയായാലും അവര്‍ക്ക് ആ സ്ഥാനം ജയലളിത അനുവദിക്കുന്ന കാലം വരേ മാത്രമേ കാണൂ. എപ്പോള്‍ വേണമെങ്കിലും സ്ഥാനം തെറിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടേത്. ഇനിയും ജയലളിതയുടെ പ്രീതിയുള്ള കാലം വരെ വഹിക്കുന്ന ചുമതലയായി മന്ത്രിസ്ഥാനം ചുരുങ്ങും.
