കൊല്‍ക്കത്ത: ഫോണിലൂടെ വിമാനം തകര്‍ക്കുമെന്ന് പറഞ്ഞ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്ത- മുംബൈ ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാരനായ ജെ. പൊദ്ദാര്‍ എന്നയാളാണ് കസ്റ്റഡിയിലായത്. 

വിമാനത്തിനകത്ത് വച്ച് നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ കുടുക്കിയത്. വിമാനത്തില്‍ ഭീകരര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമാനം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫോണിലൂടെ പറയുന്നത് കേട്ട സഹയാത്രക്കാരനാണ് പൈലറ്റിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. നിലവില്‍ ഇയാളെ കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സുരക്ഷാപ്രശ്‌നം മാനിച്ച് വിമാനത്തിന്റെ യാത്ര റദ്ദാക്കിയിട്ടുണ്ട്.