അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത് വഡ്ഗാമിലെ നിയുക്ത എം.എല്‍.എ ജിഗ്നേഷ് മെവാനി. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശ്രദ്ധയില്‍പ്പെട്ട വഡ്ഗാമിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കുകയെന്ന ഉത്തരവാദിത്തമാണ് ജിഗ്നേഷ് ആദ്യമായി ഏറ്റെടുത്തത്.
റോഡു നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് മെമ്മാറാണ്ടം നല്‍കിയിരിക്കുകയാണ് ജിഗ്നേഷ്. ‘വഡ്ഗാം സന്ദര്‍ശന സമയത്ത് അനുഭവിച്ച പ്രശ്‌നങ്ങളാണ് ഞാന്‍ മെമ്മാറാണ്ടമായി സമര്‍പ്പിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലുമാണ് ഞാന്‍ ഇത് ചെയ്യുന്നത്.’ അദ്ദേഹം പറഞ്ഞു. മെമ്മാറാണ്ടം നല്‍കിയ വീഡിയോ ജിഗ്നേഷ് തന്നെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജിഗ്നേഷ് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കി.വഡ്ഗാമില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മെവാനി.

