തിരുവനന്തപുരം: ജിഷ കൊലക്കേസ് അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ജിഷയുടെ കുടുംബത്തിന്റെ വീട് നിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കാനും കലക്ടര്‍ ഇതിനു മേല്‍നോട്ടം വഹിക്കാനും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലി നല്‍കും. ജിഷയുടെ അമ്മയ്ക്കു മാസത്തില്‍ 5000 രൂപ വീതം പെന്‍ഷന്‍ നല്‍കാനം സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നാണു പൊതു സമൂഹത്തിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ നാട്ടിലാകെ ഉത്കണ്ഠയുണ്ട്. മഹസര്‍ തയാറാക്കിയതുമുതല്‍ ശരീരം ദഹിപ്പിച്ചതുവരെ സാധാരണ നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായിരുന്നു. ഇക്കാര്യത്തില്‍ പൊതുവേയുള്ള അതൃപ്തി മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തില്‍ മാറ്റംവരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
