കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യംചെയ്തു. ആശുപത്രിയില്‍നിന്നു കുറുപ്പംപടി സ്റ്റേഷനിലെത്തിച്ചാണു ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ജിജിമോന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ജിഷയുടെ കൊലപാതം നടന്ന ശേഷം അമ്മയ്ക്കൊപ്പം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു ദീപ. അതുകൊണ്ടുതന്നെ ജിഷയെ കൃത്യമായി ചോദ്യംചെയ്യാനോ വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതുവരെ കസ്റ്റഡിയിലായവരില്‍നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദീപയെ കസ്റ്റഡിയിലെടുത്ത് ചോദ്യംയ്തത്.
ദീപയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭായ് എന്നു വിളിക്കുന്ന ബംഗാളിയിലേക്ക് അന്വേഷണം തിരിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണു പൊലീസ് ഇന്നു ദീപയെ ചോദ്യംചെയ്യുന്നത് എന്നാണു ലഭിക്കുന്ന വിവരം. മലയാളം അറിയാവുന്ന ബംഗാള്‍ സ്വദേശിയിലേക്കാണു പൊലീസ് അന്വേഷണം നീളുന്നത്.
വീട് നിര്‍മാണത്തിനു വന്നവരില്‍നിന്നു ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടായിരുന്നെന്നു ദീപ പൊലീസിനു മൊഴി നല്‍കിയിരുന്നു. നിര്‍മാണത്തിനിടെ കൂലിത്തര്‍ക്കമുണ്ടായെന്ന മറ്റൊരു മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. വിഷുവിനു മുന്‍പായിരുന്നു ഇത്.
ജിഷയുടെ വീടിനു സമീപമുള്ള കനാലില്‍ പൊലീസ് ഇന്നു പരിശോധന നടത്തുന്നുണ്ട്. സിഐ ക്രിസ്റ്റി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘം ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധത്തിനായുള്ള തെരച്ചില്‍ നടത്തുകയാണ്.
