ഡിജിപിയായിരുന്ന ടിപി സെന്‍കുമാറിനെ മാറ്റാന്‍ വരെ കാരണമായി മുഖ്യമന്ത്രി ഉന്നയിച്ച ഈ ആക്ഷപങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് ജിഷവധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കൊടുത്ത ശേഷമുള്ള പൊലീസിന്റെ വിശദീകരണം. ആദ്യ അന്വേഷണസംഘം എന്തെങ്കിലും തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയോ എന്ന ചോദ്യത്തിന് തെളിവുകള്‍ നശിപ്പിച്ചിട്ടില്ലാത്തതാണ് എന്ന് പൊലീസ് ഇപ്പോള്‍ രേഖാമൂലം നല്‍കുന്ന ഈ വിശദീകരണം ഫലത്തില്‍ മുഖ്യമന്ത്രിക്കുള്ള മറുപടി കൂടിയായി മാറും.

ആദ്യ അന്വേഷണത്തില്‍ പാളിച്ചയുണ്ടായോ, ആരെങ്കിലും വീഴ്ച വരുത്തിയോ എന്ന് ചോദ്യത്തിനും വീഴ്ച ഉണ്ടായതായി സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്ന വിവരാവകാശ നോട്ടീസിലെ ചോദ്യത്തിനും ഇല്ലാ എന്നാണ് ഉത്തരം. കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായോ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം സത്യമാണോ എന്ന ചോദ്യത്തിന് ഡിഎന്‍എ പരിശോധനയില്‍ ജിഷയുടെ പിതാവ് പാപ്പു ആണെന്ന് സ്ഥിരീകരിച്ചെന്ന് മറുപടി നല്‍കിയിരിക്കുന്നത്. 

ഇങ്ങനെ തുടങ്ങി, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യമില്ലാതെ ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിയമപ്രശ്‌നം ആരോപിച്ചവര്‍ക്ക് വരെയുള്ള മറുപടിയുണ്ട്. കസ്റ്റഡി മരണമോ, വിവാഹത്തിന് ഏഴ് വര്‍ഷത്തിനുള്ളിലുണ്ടായ മരണമോ അല്ലാത്തതിനാല്‍, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ആവശ്യകതയില്ല എന്നാണ് വിശദീകരണം. വിവരാവകാശ നിയമപ്രകാരം എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസാണ് ഈ മറുപടികള്‍ നല്‍കിയത്.