കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ പെരുന്പാവൂർ‍ ജിഷ വധക്കേസിൽ വിധി അടുത്ത ചൊവ്വാഴ്ച. അസം സ്വദേശി അമീറുൾ ഇസ്ലാം ഏക പ്രതിയായ കേസിന്‍റെ വിചാരണ ഏറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പൂർ‍ത്തിയായത്. മാപ്പർഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ അന്തിമവാദം.

ഒരു വർഷം നീണ്ട വിസ്താരത്തിനൊടുവിലാണ് ജിഷ കേസിൽ വിധി വരുന്നത്. നൂറ് സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. 292 രേഖകളും തെളിവായി കൊണ്ടുവന്നു. നിയമവിദ്യാർഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്താനുളള ശ്രമിത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്ഥാപിക്കാൻ ശ്രമിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി അമീറുൾ ഇസ്ലാമിനെതിരെ പ്രോസിക്യൂഷൻ പ്രധാനമായും അവതരിപ്പിച്ചത്.ജിഷ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന സാക്ഷി മൊഴികളും ഹാജരാക്കി.

അമീറുൾ ഇസ്ലാം പൊലീസിന്‍റെ ഡമ്മി പ്രതിയാണെന്ന് സ്ഥാപിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ശാസ്ത്രീയതെളിവുകൾ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങൾക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മാസങ്ങളായി രഹസ്യ വിസ്താരം തുടരുകയായിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം കേൾക്കാൻ ജിഷയുടെ അമ്മ രാജേശ്വരിയും എത്തിയിരുന്നു.