Asianet News MalayalamAsianet News Malayalam

ജിഷയുടെ കൊലപാതകം: വി.എസ്. രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

jisha murder cm facebook
Author
First Published May 5, 2016, 2:07 PM IST

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരമായ കൊലപാതകത്തിനിരയായ ജിഷയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം കേരളം മുഴുവന്‍ ചേരുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രാഷ്‌ട്രീയ മുതലെടുപ്പു നടത്തുന്നതു ധാര്‍മികതയ്ക്കു ചേര്‍ന്നതാണോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താത്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാറിനെ വിമര്‍ശിക്കാനാണു ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച സന്ദര്‍ഭം വി.എസ്. വിനിയോഗിച്ചതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.

രാഷ്ട്രീയ മുതലെടുപ്പിനായി വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല. ജിഷയുടെ അമ്മയുടെ വികാരത്തെപ്പോലും മാനിക്കാതെയുള്ള നടപടികള്‍ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുകയെന്ന് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു. ആ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഹൃദയസ്പര്‍ശിയായിരുന്നു. പക്ഷേ ചിലര്‍ അവര്‍ക്കുണ്ടായ അനുഭവത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുവയ്ക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും പ്രതിക്കൂട്ടിലാക്കുകയുമാണ് ചെയ്തത്.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് സ്ഥലം എം.എല്‍.എയെ കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികള്‍ എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നാം കേട്ടതാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം ശ്രീ. വി.എസ്.അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതു വായിച്ചു. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി. എന്തുകൊണ്ടായിരുന്നു വി.എസ്.അച്യുതാനന്ദന്‍ ആശ്വാസവാക്കുകള്‍ക്കായി ബുദ്ധിമുട്ടിയത് എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്.

ഈ വീഡിയോയിലൂടെ ജനം മനസിലാക്കിയ കാര്യങ്ങളായിരുന്നില്ലേ യഥാര്‍ഥത്തില്‍ വി.എസ്.അച്യുതാനന്ദനും ജനങ്ങളോടും മാധ്യമങ്ങളോടും പറയേണ്ടിയിരുന്നത്. എന്നാല്‍ അതിനെല്ലാം പകരം താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനല്ലേ വി.എസ്.അച്യുതാനന്ദന്‍ ആ സന്ദര്‍ഭം വിനിയോഗിച്ചത് - ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

Follow Us:
Download App:
  • android
  • ios