കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ(29) അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതി പിടിയിലായെന്നു സൂചന. ജിഷയുടെ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28നായിരുന്നു മൃഗീയമായ കൊലപാതകം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തിയത് ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്നാണോ എന്ന കാര്യത്തില്‍ പൊലീസിനു സ്ഥിരീകരണത്തിലെത്താനായിട്ടില്ല. മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചാണു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഈ മൂന്ന് ആയുധങ്ങളും ഒരാള്‍തന്നെ കൊണ്ടുവന്നു ചെയ്തതാണോ, അതോ, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നോ എന്നതാണു പ്രധാന സംശയം.

ജിഷയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി എന്നതാണു പൊലീസിന്റെ നിഗമനം. മാനഭംഗപ്പെടുത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനാകാം ശരീരത്തില്‍ ക്രൂരമായ മുറിവേല്‍പ്പിച്ചത്. വീടുമായി അടുത്ത ബന്ധമുള്ളയാളാകാം കൊലപാതകിയെന്ന നിഗമനത്തിലും പൊലീസ് എത്തി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മുടക്കുഴ ഭാഗത്തുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിനാണു കേസിന്റെ അന്വേഷണ ചുമതല.