കൊല്ലം/കൊച്ചി: ജിഷ കൊലപാതക കേസില്‍ കേരളം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിനു തയാറെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും അദ്ദേഹം ആരോപിച്ചു. ചാത്തന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല - രാജ്നാഥ് സിങ്
ജിഷ കൊല്ലപ്പെട്ട് എട്ടു ദിവസം കഴിഞ്ഞിട്ടും കൊലപാതകിയെ പൊലീസിനു കണ്ടെത്താനായിട്ടില്ല. എന്നാല്‍, ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് വിശ്വസനീയമായ കൂടുതല്‍ മൊഴികള്‍ പൊലീസിനു ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്.
പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ജിഷയുടെ അയല്‍വാസിയായ ഡ്രൈവറെ രണ്ടു ദിവസം മുന്‍പാണു കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ പൊലീസ് മകനെ വിളിപ്പിച്ചെന്നും, എന്നാല്‍ ഏതു സ്റ്റേഷനിലേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്നും ജിഷയുടെ അയല്‍വാസിയായ ഡ്രൈവറുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
