പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി മകളുടെ സുരക്ഷക്കായി പെന്‍ ക്യാമറ വാങ്ങിയത് രണ്ടര മാസം മുന്‍പാണ്. വീട്ടില്‍ പലരും അതിക്രമിച്ചു കയറുന്നെന്നും അതാരാണെന്ന് കണ്ടെത്താനാണ് ക്യാമറ എന്നുമാണ് ജിഷയും അമ്മയും പെരുമ്പാവൂരിലെ കടക്കാരനോട് പറഞ്ഞത്

പാറിപ്പറന്ന മുടിയുമായി വൃദ്ധയായ സ്ത്രീ വന്ന് പെന്‍ ക്യാമറ ചോദിച്ചപ്പോഴാണ് താന്‍ ഇവരെ ശ്രദ്ധിച്ചതെന്ന് ഗിഫ്റ്റ് ഹൗസ് ഉടമ ഷിഹാബ് പറയുന്നു. എന്തിനാണ് ക്യാമറ എന്ന ചോദിച്ചപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. താന്‍ വീട്ടില്‍ നിന്നു പോയാല്‍ പിന്നെ മകള്‍ തനിച്ചാണ്. 

ഒരുപാട് പ്രശ്‌നങ്ങളുണ്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പലരും വന്നു അതിക്രമം കാട്ടുന്നു. അത് ആരെന്ന് കണ്ടെത്താനാണ് ക്യാമറ. ക്യാമറ എങ്ങിനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അമ്മയെ കാണിച്ചുകൊടുത്തെങ്കിലും ഒന്നും മനസ്സിലായില്ല. രണ്ട് ദിവസം കഴിഞ്ഞ്, കൊല്ലപ്പെട്ട ജിഷ കൂടി വന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പോയെന്നും കടയുടമ പറയുന്നു.