ആലപ്പുഴ: ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം വീഴ്ച പറ്റിയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അസോസിയേറ്റ് പ്രൊഫസര്‍ പൂര്‍ണ്ണസമയം പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി തെളിവെടുക്കും.
ഇക്കഴിഞ്ഞ 29-ആം തീയ്യതിയാണ് ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികളില്‍ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഗൗരവമുള്ള ഇത്തരം കേസുകള്‍ക്ക് നേതൃത്വം നല്‍കേണ്ട അസോസിയേറ്റ് പ്രൊഫസറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.
ഇവര്‍ പൂര്‍ണ്ണസമയം പങ്കെടുക്കാന്‍ തയ്യാറായില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ കണ്ടെത്തല്‍. അതോടൊപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറാനും വൈകി. 29 ന് പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ജയലേഖ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ആരോഗ്യവകുപ്പ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അടുത്ത ദിവസം തന്നെ ജോയിന്‍റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തും
