അസുഖം മൂലം ചികില്‍സയിലായിരുന്ന പാപ്പു പെരുമ്പാവൂരിലെ വീട്ടില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ജിഷയുടെ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും കൊലയാളി ചുറ്റുവട്ടത്ത് തന്നെയുണ്ടെന്നും മറുനാടുകളില്‍ പോയി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാപ്പു പറഞ്ഞു. തന്റെ മകള്‍ക്ക് നീതി ലഭിക്കണം. തന്നോട് ചോദിക്കാതെയാണ് ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പാപ്പു പറഞ്ഞു.

ഇതിനിടെ കൊലപാതകത്തിന് ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങിയ മറുനാടന്‍ തൊഴിലാളികളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സംഘത്തെ ബംഗാളിലേക്ക് അയക്കാന്‍ തീരുമാനിച്ചു. കരാറുകാരില്‍ നിന്ന് പൊലീസ് ഇവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ടീമിനെ അയക്കാന്‍ സാധ്യതയുള്ളൂ എന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.